Latest News

നാവികസേനയ്ക്കായി 31 റഫാല്‍ എം വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; പ്രതിരോധ സഹകരണം ശക്തമാകുന്നു

നാവികസേനയ്ക്കായി 31 റഫാല്‍ എം വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; പ്രതിരോധ സഹകരണം ശക്തമാകുന്നു
X

ന്യൂഡല്‍ഹി: വ്യോമസേനയ്ക്കായി 114 റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള കരാറിന് പിന്നാലെ നാവികസേനയ്ക്കായി കൂടുതല്‍ റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ നീക്കം നടത്തുന്നതായി റിപോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ലാ ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. വിമാനവാഹിനികളില്‍ നിന്ന് പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ശേഷിയുള്ള 31 റഫാല്‍ എം വിമാനങ്ങളാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇവ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിയിലും ഐഎന്‍എസ് വിക്രമാദിത്യയിലും വിന്യസിക്കാനാണ് സാധ്യത. നിലവില്‍ 2025ല്‍ ഫ്രാന്‍സുമായി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതിന് പുറമേ 31 എണ്ണം കൂടി വാങ്ങുകയാണെങ്കില്‍, ഇന്ത്യന്‍ നാവികസേനയുടെ റഫാല്‍ എം വിമാനങ്ങളുടെ എണ്ണം 57 ആയി ഉയരും. ഇതോടെ ഇന്ത്യന്‍ സേനയുടെ ആകെ റഫാല്‍ വിമാനങ്ങളുടെ എണ്ണം 145 ആയി വര്‍ധിക്കും. നിലവില്‍ ഫ്രാന്‍സിന്റെ പക്കല്‍ 41 റഫാല്‍ എം വിമാനങ്ങളാണുള്ളത്. പുതിയ കരാര്‍ യാഥാര്‍ഥ്യമാകുകയാണെങ്കില്‍, ഫ്രാന്‍സിനേക്കാള്‍ കൂടുതല്‍ റഫാല്‍ എം വിമാനങ്ങള്‍ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും.

അതേസമയം, വ്യോമസേനയ്ക്കായി മള്‍ട്ടിറോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി 114 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതില്‍ 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ലഭ്യമാക്കുകയും ശേഷിക്കുന്നവ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തിനകത്ത് നിര്‍മ്മിക്കുകയും ചെയ്യും. 50 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും, ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലാകുന്നതിന്റെ സൂചനയെന്ന നിലയിലാണ് പുതിയ റിപോര്‍ട്ടുകള്‍ വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it