Latest News

ഹരിയാനയില്‍ മലിനജലം കുടിച്ച് 12 മരണം

ഹരിയാനയില്‍ മലിനജലം കുടിച്ച് 12 മരണം
X

ന്യൂഡല്‍ഹി: ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ചയാന്‍സ ഗ്രാമത്തില്‍ മലിന കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് 12 പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചു വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അയ്യായിരത്തിലധികം പേര്‍ അസുഖബാധിതരായതായി അധികൃതര്‍ അറിയിച്ചു.

ആദ്യത്തെ മൂന്നു മരണങ്ങള്‍ ഏകദേശം രണ്ട് ആഴ്ച മുന്‍പായിരുന്നു. തുടര്‍ന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ക്കിടയില്‍ പനി, ചുമ, ശരീരവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ വ്യാപകമായി കണ്ടു. രണ്ടാഴ്ചയ്ക്കിടെ മരണസംഖ്യ വര്‍ധിച്ചതോടെ പ്രദേശത്ത് ആശങ്ക ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധനകള്‍ ആരംഭിച്ചു. രോഗബാധിതരില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരുകയാണ്. ഇതുവരെ പരിശോധിച്ച 400ലധികം ആളുകളില്‍ 300 പേരുടെ സാമ്പിളുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ക്കു മാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി സ്ഥിരീകരിച്ചത്.

കുടിവെള്ള ഗുണനിലവാരം പരിശോധിച്ചപ്പോള്‍ ശേഖരിച്ച 107 ജലസാമ്പിളുകളില്‍ 23 എണ്ണം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ചില സാമ്പിളുകളില്‍ ബാക്ടീരിയ സാന്നിധ്യവും അപര്യാപ്തമായ ക്ലോറിനേഷനും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഇതിലൂടെ വര്‍ധിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. ചില മരണങ്ങള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി ബന്ധമുള്ളതാകാമെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം മരണങ്ങളും കരളിന്റെ പ്രവര്‍ത്തന തകരാറിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. സുരക്ഷിതമല്ലാത്ത കുടിവെള്ള വിതരണമാണ് ദുരന്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it