Latest News

മെക്‌സിക്കോയുടെ 50 ശതമാനം ഏകപക്ഷീയ താരിഫ് നീക്കത്തിനെതിരേ ഇന്ത്യ; കയറ്റുമതിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

മെക്‌സിക്കോയുടെ 50 ശതമാനം ഏകപക്ഷീയ താരിഫ് നീക്കത്തിനെതിരേ ഇന്ത്യ; കയറ്റുമതിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക താരിഫ് ഏകപക്ഷീയമായി ചുമത്താനുള്ള മെക്‌സിക്കോയുടെ നീക്കത്തില്‍ ഇന്ത്യ ശക്തമായ പ്രതികരണം അറിയിച്ചു. രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങളും കയറ്റുമതിക്കാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വാണിജ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനൊപ്പം, ഇന്ത്യന്‍ കയറ്റുമതിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഇന്ത്യക്ക് പൂര്‍ണ അധികാരമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്താനുള്ള ബില്ലിന്റെ രൂപീകരണ ഘട്ടത്തില്‍ തന്നെ മെക്‌സിക്കോയുമായി സമവായത്തിന് ഇന്ത്യ ശ്രമിച്ചിരുന്നുവെന്നും വാണിജ്യവകുപ്പ് വ്യക്തമാക്കി.

വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മെക്‌സിക്കോയുടെ വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന്, അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും മെക്‌സിക്കോയുടെ സാമ്പത്തിക മന്ത്രി ലൂയിസ് റോസെന്‍ഡോയും തമ്മില്‍ ഉന്നതതല യോഗം ചേര്‍ന്നു. വരും ദിവസങ്ങളിലും ഇരുപക്ഷങ്ങളും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. മുന്‍കൂട്ടി ചര്‍ച്ചകളില്ലാതെ താരിഫുകള്‍ ഏകപക്ഷീയമായി വര്‍ധിപ്പിക്കുന്നത് ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. അതേസമയം, മെക്‌സിക്കോയുമായുള്ള പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നുവെന്നും, ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ, സുസ്ഥിരവും സന്തുലിതവുമായ വ്യാപാര അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹകരിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങള്‍, ചെറുകാറുകള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, സ്റ്റീല്‍, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, മോട്ടോര്‍സൈക്കിളുകള്‍, അലുമിനിയം, ട്രെയിലറുകള്‍, ഗ്ലാസ്, സോപ്പ്, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കാണ് മെക്‌സിക്കോ അധിക തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോയുമായി നിലവില്‍ ഉഭയകക്ഷി വ്യാപാര കരാര്‍ ഇല്ലാത്ത ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ നടപടി പ്രധാനമായും ബാധിക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ മെക്‌സിക്കോയുമായി ഉഭയകക്ഷി വ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it