Latest News

ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ പുറംതള്ളിയത് 24.94 ലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യം

ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ പുറംതള്ളിയത് 24.94 ലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പുറംതളളിയ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് 24.94 ലക്ഷം ടണ്‍. ബുധനാഴ്ച കേന്ദ്ര പരിസ്ഥിതി വകുപ്പ് ലോക്‌സഭയെ അറിയിച്ചതാണ് ഈ വിവരം. ഓരോ വര്‍ഷം കഴിയുംതോറും ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് വര്‍ധിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബബുള്‍ സുപ്രിയോ ഇലക്ട്രോണിക് മാലിന്യവുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും പുറത്തുവിട്ടു. അതനുസരിച്ച് 2017-18ല്‍ പുറംതള്ളിയ ഇ-മാലിന്യം 7.08 ലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ അടുത്ത രണ്ട് വര്‍ഷം അത് 7.71 ലക്ഷം ടണ്‍ ആയും 10.14 ലക്ഷം ടണ്ണായും വര്‍ധിച്ചു.

കേന്ദ്ര മലിനീകരണ വകുപ്പിന്റെ പഠനമനുസരിച്ച് ഇ- മാലിന്യം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇ-മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇ-മാലിന്യ(മാനേജ്‌മെന്റ്)നിയമം 2016 നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ആ നിയമമനുസരിച്ച് ഇ-മാലിന്യം കണ്ടെത്തുന്നതും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിനും സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കുമാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന വിവരമനുസരിച്ച് രാജ്യത്തെ ഗോവ, ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് തുടങ്ങി 7 മലിനീകരണ നിയന്ത്രണ ബോര്‍ഡുകളാണ് ഇ- മലിനീകരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it