Latest News

'ഇനിയും ദുരിതങ്ങൾ തുടരാൻ അനുവദിക്കരുത്'; ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഇന്ത്യ

ഇനിയും ദുരിതങ്ങൾ തുടരാൻ അനുവദിക്കരുത്; ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഇന്ത്യ
X

ന്യൂഡൽഹി: ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഇന്ത്യ. താൽക്കാലിക വെടി നിർത്തൽ അല്ല വേണ്ടതെന്നും സ്ഥിരമായി ഒന്നാണ് ആവശ്യമെന്നും അതിനാൽ മുന്നോട്ടുള്ള വഴി വ്യക്തമാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പറഞ്ഞു. ബുധനാഴ്ച യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന ഒരു തുറന്ന സംവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ ദുരിതങ്ങൾ തുടരാൻ അനുവദിക്കരുതെന്നും ഹരീഷ് വ്യക്തമാക്കി."ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ക്ഷാമം, വൈദ്യസഹായങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസം ലഭ്യമാകാത്ത അവസ്ഥ എന്നിവയാൽ ദിനംപ്രതി വലയുന്ന ജനങ്ങൾ നേരിടുന്ന മാനുഷിക വെല്ലുവിളികളുടെ വ്യാപ്തി പരിഹരിക്കാൻ ഇടയ്ക്കിടെയുള്ള ഇടവേളകൾ പര്യാപ്തമല്ല " അദ്ദേഹം പറഞ്ഞു.

"സുരക്ഷിതവും സുസ്ഥിരവും സമയബന്ധിതവുമായ രീതിയിൽ മാനുഷിക സഹായം നൽകേണ്ടതുണ്ട്. സമാധാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. വെടിനിർത്തൽ നടപ്പിലാക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏക പ്രായോഗിക മാർഗങ്ങൾ സംഭാഷണവും നയതന്ത്രവുമാണ്" അദ്ദേഹം കൂട്ടിചേർത്തു.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനം ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനുള്ള ചുവടുവെപ്പുകൾക്ക് വഴിയൊരുക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

Next Story

RELATED STORIES

Share it