Latest News

വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം: വിശദീകരണം തേടി മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം: വിശദീകരണം തേടി മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസം നേടാനുളള അവകാശം പോരാടി നേടിയതാണെന്നും അത് ആരുടെ കാല്‍ക്കീഴിലും അടിയറവ് വെക്കാനുള്ളതല്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി

കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതായിരിക്കണം വിദ്യാഭ്യാസം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസംകൊണ്ട് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചോര്‍ത്തു.

കാസര്‍കോട് ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചത്. ചിത്രം പുറത്ത് വന്നതോടെ ഇത് വിവാദമായി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായാണ് സര്‍വിസില്‍നിന്ന് വിരമിച്ച 30 അധ്യാപകര്‍ക്ക് കുട്ടികളെക്കൊണ്ട് പാദസേവ ചെയ്യിച്ചത്. വിദ്യാലയ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അധ്യാപകരെ കസേരയിലിരുത്തി കുട്ടികളെ കൊണ്ട് അവരുടെ കാല്‍ കഴികിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാറിന് കീഴില്‍, ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഗുരുപൂജയുടെ പേരു പറഞ്ഞ് നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഇവിടെ കഴുകിച്ചത്.

Next Story

RELATED STORIES

Share it