Latest News

ത്രിപുരയില്‍ പൗരത്വ പ്രക്ഷോഭത്തിനു പോയ ആദിവാസിയെ നിയമ അനുകൂലികള്‍ തല്ലിക്കൊന്നു; നിഷേധിച്ച് ബിജെപിയും മുഖ്യമന്ത്രിയും

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് സത്യം പുറത്തുവന്നത്.

ത്രിപുരയില്‍ പൗരത്വ പ്രക്ഷോഭത്തിനു പോയ ആദിവാസിയെ നിയമ അനുകൂലികള്‍ തല്ലിക്കൊന്നു; നിഷേധിച്ച് ബിജെപിയും മുഖ്യമന്ത്രിയും
X

തെലിയമുറ: ഡിസംബര്‍ 11ാം തിയ്യതി പൗരത്വ നിയമം പാസ്സാക്കിയ ദിവസം പ്രതിഷേധത്തിനു പോയ ആദിവാസിയെ നിയമാനുകൂലികള്‍ വണ്ടിയില്‍ നിന്ന് ഇറക്കി തല്ലിക്കൊന്നു. അറുപത്തിയഞ്ച് വയസ്സുള്ള മാന്‍ത്രിലാല്‍ കെയ്പങിനെയാണ് ബംഗാളി കുടിയേറ്റക്കാരടക്കമുള്ള ഒരു പറ്റം ആളുകള്‍ തല്ലിക്കൊന്നത്. എന്നാല്‍ മന്‍ത്രിലാലിന്റെ മരണം വാനാപകടമാണെന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം റിപോര്‍ട്ട് നല്‍കിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് സത്യം പുറത്തുവന്നത്.

കെയ്പങും സുഹൃത്തുക്കളും 3 ബൊലേറൊകളിലായാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. ബൊലേറൊ വഴിയില്‍ അപകടത്തില്‍ പെട്ടുവെന്നും അതില്‍ കെയ്പങ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു ആദ്യ ദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ആദിവാസികളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ശ്രമഫലമായി അന്നേ ദിവസം തെലിയമുറ പോലിസ് സ്‌റ്റേഷനില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് ബോധ്യമായി.

പുതുതായി പുറത്തുവന്ന വിവരം ഇങ്ങനെയാണ്: കെയ്പങ് സഞ്ചരിച്ച കാറ് തുയ്ചിന്ദ്രയ് മാര്‍ക്കറ്റിലെത്തിയപ്പോള്‍ ഏതാനും പേര്‍ വാഹനം തടഞ്ഞുനിര്‍ത്തി. പ്രദേശവാസികളായ ബംഗാളികളായിരുന്നു അതിനു പിന്നില്‍. അക്രമികള്‍ വാഹനത്തെ ഇരുമ്പുവടിയും മറ്റ് ആയുധങ്ങളുമായി ആക്രമിച്ചു. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ കെയ്പങിനെ അക്രമികള്‍ പിടികൂടി 20 മിനിറ്റോളം മര്‍ദ്ദിച്ചു. തലയിലും കൈയിലും കാലിലും പരിക്കേറ്റ അദ്ദേഹത്തെ അഗര്‍ത്തലയിലെ ജി ബി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശവാസികളായ ബംഗാളികള്‍ക്കെതിരേയാണ് പോലിസ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

ബൊലേറൊ തടഞ്ഞുനിര്‍ത്താന്‍ 30-40 പേരെങ്കിലും ഉണ്ടായിരുന്നെന്ന് മരിച്ച കെയ്പങിന്റെ മരുമകന്‍ പറഞ്ഞു. 20 മിനിറ്റോളം എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറയുന്നു. അക്രമികള്‍ ധാരാളം പേരുണ്ടായിരുന്നതുകൊണ്ടും അവരുടെ കൈവശം ആയുധങ്ങളുള്ളതുകൊണ്ടും തങ്ങള്‍ക്ക് ഇടപെടാനായില്ലെന്ന് കെയ്പങിനൊപ്പമുണ്ടായിരുന്ന മംഗള്‍ കുമാര്‍ രങ്കാല്‍ പറഞ്ഞു.

വാഹനം ഓടിച്ചിരുന്ന ഡാനിയല്‍ ആണ് പോലിസില്‍ പരാതിപ്പെട്ടത്. ഡിസംബര്‍ 11 മുതല്‍ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായിരുന്നതുകണ്ടാണ് കൊലപാതകം പുറത്തുവരാതിരുന്നത്.

എന്നാല്‍ മരണം കൊലപാകമല്ലെന്നാണ് ബിജെപിയുടെ നിലപാട്. മുഖ്യമന്ത്രിയും സംഭവം നിഷേധിച്ചു. എന്നാല്‍ സംഭവത്തിന് നിരവധി ദൃക്‌സാക്ഷികളൊന്നുണ്ടെന്നാണ് മാധ്യമറിപോര്‍ട്ടുകളില്‍ നിന്ന് മനസ്സിലായത്.

Next Story

RELATED STORIES

Share it