Latest News

ഇന്റലിജന്റ് ഇഗവേണന്‍സ് വഴി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി

പഞ്ചായത്തുകളില്‍നിന്നു ലഭ്യമാകുന്ന 200ല്‍പ്പരം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്‌ഫോമില്‍നിന്ന് അയക്കാനുള്ള സംവിധാനമാണ് ഇതുവഴി ലഭ്യമാകുന്നത്.

ഇന്റലിജന്റ് ഇഗവേണന്‍സ് വഴി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇന്റലിജന്റ് ഇ ഗവേണന്‍സ് സംവിധാനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുന്നതോടെ ജനങ്ങള്‍ക്കു കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍പ്പെടുത്തി 150 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ(ഐ.എല്‍.ജി.എം.എസ്) സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


പഞ്ചായത്തുകളിലെ ഇഗവേണന്‍സ് രംഗത്തു പുതിയ കാല്‍വയ്പ്പാണ് ഐ.എല്‍.ജി.എം.എസ് പദ്ധതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളില്‍നിന്നു ലഭ്യമാകുന്ന 200ല്‍പ്പരം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്‌ഫോമില്‍നിന്ന് അയക്കാനുള്ള സംവിധാനമാണ് ഇതുവഴി ലഭ്യമാകുന്നത്. സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ വീട്ടിലിരുന്ന് അക്ഷയ കേന്ദ്രങ്ങള്‍ വഴി കാലതാമസമില്ലാതെ ഇസേവനങ്ങള്‍ നേടിയെടുക്കാനാകും. വെബ് അധിഷ്ഠിതമായാണു ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലിരുന്നും ഓഫിസ് പ്രവര്‍ത്തനം സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിലാണു പദ്ധതിയുടെ ട്രയല്‍ റണ്‍ നടന്നത്. ട്രയല്‍ വിജയകരമായതോടെ ആദ്യ ഘട്ടത്തില്‍ 150 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പഞ്ചായത്തുകളില്‍നിന്നുള്ള എല്ലാ സേവനങ്ങളും വെബ് അധിഷ്ഠിതമാകും. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്.


കോവിഡ് പശ്ചാത്തലത്തിലും പഞ്ചായത്ത് അധികൃതരും ഐ.ടി. വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ നിരന്തര പരിശ്രമഫലമായാണു സോഫ്‌റ്റ്വെയര്‍ യാഥാര്‍ഥ്യമായതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ 25ാം വര്‍ഷത്തിലേക്കു കടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.




Next Story

RELATED STORIES

Share it