Latest News

'പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും';സിപിഎമ്മിലേക്കെന്നുള്ള വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍

പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും;സിപിഎമ്മിലേക്കെന്നുള്ള വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍
X

ന്യൂഡല്‍ഹി: സിപിഎമ്മിലേക്കെത്തിക്കാനുള്ള ചര്‍ച്ച ദുബായില്‍ നടന്നെന്ന വാര്‍ത്ത തള്ളി ശശി തരൂര്‍ എംപി. ദുബായില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങള്‍ സൃഷ്ടിച്ചതെന്നാണ് ശശി തരൂര്‍ പറയുന്നത്. നിങ്ങളുടെ ആഹാരത്തിനുവേണ്ടി നിങ്ങള്‍ ചെയ്യുന്നതാണെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്നും തരൂര്‍ പറഞ്ഞു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.

ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാഞ്ഞത് അവര്‍ ക്ഷണിച്ച സമയത്ത് ഞാന്‍ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പറയാനില്ല, കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും ചോദ്യങ്ങള്‍ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോള്‍ സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ദുബായ് യാത്ര സിപിഎമ്മില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് തരൂര്‍ പറയുന്നത്.

ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്നും തരൂര്‍ വ്യക്തമാക്കി. 'അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിയാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.' തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വവുമായി ഏറെക്കാലമായി തരൂര്‍ അകല്‍ച്ചയിലാണ്. എന്നാല്‍, തരൂരിനെതിരേ നടപടിയെടുക്കാനോ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കിടാനോ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. പാര്‍ട്ടി നടപടി നേരിട്ട് രക്തസാക്ഷി പരിവേഷം തരൂരിന് ഉണ്ടാക്കേണ്ടതില്ലെന്നതാണ് ഇതിനു കാരണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ അവഗണന നേരിട്ടുവെന്നാണ് തരൂരിന്റെ ഒടുവിലത്തെ പരാതി. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേരുപോലും പരാമര്‍ശിച്ചില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വരുന്ന വാര്‍ത്തകളില്‍ തെറ്റും ശരിയുമുണ്ടാകാമെന്നും തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നുമായിരുന്നു ഇതേക്കുറിച്ച് തരൂരിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് തരൂര്‍ സിപിഎമ്മിലേക്കെന്ന പ്രചാരണം ഉണ്ടായത്.

Next Story

RELATED STORIES

Share it