Latest News

കര്‍ണാടകയിലെ ഹിന്ദുത്വ അക്രമം: ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ്സാണ്...

കര്‍ണാടകയിലെ ഹിന്ദുത്വ അക്രമം: ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ്സാണ്...
X

ആബിദ് അടിവാരം

കോഴിക്കോട്: കര്‍ണാടകയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ അവിടെയുള്ളവരില്‍ ഭീതിയുണ്ടാക്കുന്നുണ്ട്. ഹിന്ദുത്വക്കെതിരേ മതേതര പ്രതികരണം എന്ന നിലപാട് എടുക്കുന്നവര്‍ ഇപ്പോഴും നിശ്ശബ്ദരാണ്. അത് എന്തുകൊണ്ടാണെന്ന ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ആബിദ് അടിവാരം ഫേസ് ബുക്ക് പോസ്റ്റില്‍. 38 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ്സിനാണ് ഇതില്‍ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

എഫ്ബിയില്‍ ഫോളോ ചെയ്യുന്ന, കര്‍ണാടകയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ചോദ്യമാണ് താഴെ സ്‌ക്രീന്‍ ഷോട്ടിലുള്ളത്. കോണ്‍ഗ്രസിന് മറുപടി പറയാന്‍ ബാധ്യതയുണ്ട്, കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഏറ്റവും കൂടുതല്‍ മനുഷ്യര്‍, 38 ശതമാനം പേര്‍, വോട്ട് ചെയ്തത് കോണ്‍ഗ്രസ്സിനാണ്.


മുസ് ലിംകള്‍ക്കെതിരെ സംഘപരിവാര്‍ വ്യാപകമായ ഹേറ്റ് കാമ്പെയിന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി, ഹിജാബില്‍ നിന്ന് ഹലാലിലേക്കും, മുസ് ലിം കച്ചവടക്കാരിലേക്കും, പള്ളിയിലെ ബാങ്ക് തടയുന്നതിലേക്കും, മുസ് ലിംകളുടെ ടാക്‌സി ബഹിഷ്‌കരിക്കുന്നതിലേക്കും എത്തി നില്‍ക്കുന്നു. ഏതു നിമിഷവും സംഘപരിവാറില്‍ നിന്ന് ആക്രമണം പ്രതീക്ഷിക്കുകയാണ് മുസ് ലിം സമുദായം.

കോണ്‍ഗ്രസ്സ് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്..? സിദ്ധരാമയ്യ ഇടക്കിടെ പ്രസ്താവന ഇറക്കിയാല്‍ മതിയോ..? സംസ്ഥാനത്തുടനീളം വേരുകളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആര്‍ എസ എസ്സിന്റെ വര്‍ഗീയ വിധ്വേഷ പ്രചാരണത്തിനെതിരെ പൊതു ബോധം ഉണര്‍ന്നു നില്‍ക്കുന്ന സമയമാണ്, കര്‍ണാടകയിലെ ഐടി കമ്പനി ഉടമകള്‍ മുതല്‍ ബിസിനസ്സുകാരും സാധാരണക്കാരും വരെ കര്‍ണാടക അപകടത്തിലേക്ക് ആണ് പോകുന്നത് എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വ വര്‍ഗീയതക്ക് എതിരെ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തെരുവില്‍ ഇറങ്ങി അത് പ്രകടിപ്പിക്കാന്‍ പറ്റുന്ന വിധം ഒരു കാമ്പയിന്‍ നടത്താന്‍ കോണ്‍ഗ്രസ്സിന് എന്താണ് തടസ്സം?

ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറുടേയുമൊക്കെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കര്‍ണാടകയിലെ തെരുവുകളില്‍ മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റാലികള്‍ നടത്തേണ്ടത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ്..?

നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ആശയം മുന്നോട്ട് വെച്ച് കൊണ്ട് രംഗത്തിറങ്ങിയാല്‍ സമാധാനം ആഗ്രഹിക്കുന്ന മനുഷ്യര്‍ പിന്നില്‍ അണി നിരക്കില്ലേ..?

നിരന്തരം ഭീഷണിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മുസ് ലിംസമുദായത്തിന് അതൊരു വലിയ ആശ്വാസമാവില്ലേ..?

മാസങ്ങള്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം മനുഷ്യരും കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യില്ലേ..?

എന്താണ് കോണ്‍ഗ്രസ്സുകാരുടെ മൗനത്തിന്റെ അര്‍ത്ഥം...?

നിങ്ങളും ഒരു വര്‍ഗീയ കലാപം കൊതിക്കുന്നുണ്ടോ...? മുസ് ലിംകള്‍ക്ക് പണി കിട്ടേണ്ടതുണ്ട് എന്നാഗ്രഹിക്കുന്ന ഒരു സംഘി മനസ്സ് കോണ്‍ഗ്രസ്സ് നേതാക്കളിലും ഒളിഞ്ഞു കിടക്കുന്നുണ്ടോ..?

കലാപം നടന്നാല്‍ അടുത്ത തിരെഞ്ഞടുപ്പില്‍ സമാധാന കാംക്ഷികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ..?

നിങ്ങള്‍ വിഡ്ഢികളാണ് കൂട്ടരേ..? ഒന്നാമതായി കലാപത്തില്‍ ഇല്ലാതാവാന്‍ പോകുന്നത് നിങ്ങളാണ്. 2002ല്‍ നടന്ന ഗുജറാത്ത് കലാപം പോലെ ഏകപക്ഷീയമായ ഒരു കലാപം ഇനി ഇന്ത്യയില്‍ നടക്കില്ല, മുസ് ലിംകള്‍ ജാഗരൂകരാണ്, അവര്‍ക്കിടയില്‍ 'പ്രതിരോധ' സംഘടനകള്‍ നന്നായി വേരിറക്കിയിട്ടുണ്ട് അവര്‍ സര്‍വ്വ ശക്തിയുമെടുത്ത് തിരിച്ചടിക്കും. കലാപങ്ങളുടെ പ്രത്യേകത, അത് തുടങ്ങിക്കഴിഞ്ഞാല്‍ നിഷ്പക്ഷര്‍ ഉണ്ടാവില്ല എന്നതാണ്. പേരും വസ്ത്രവും ചിഹ്നങ്ങളും നോക്കി പരസ്പരം ആക്രമിക്കപ്പെടും. ആ പകയും വിദ്വേഷവും വര്‍ഷങ്ങളോളം നിലനില്‍ക്കും. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ വോട്ട് ബിജെപിക്ക് പോകും, മുസ് ലിംകള്‍ ഭൂരിപക്ഷം ഉള്ള ഇടങ്ങളില്‍ അവരുടെ പാര്‍ട്ടികള്‍ക്ക് പോകും. നിഷ്പക്ഷര്‍ എന്ന നിസ്സംഗര്‍ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷരാകും, കോണ്‍ഗ്രസ്സില്‍ നിന്ന് ഭൂരിപക്ഷം പേരും ബിജെപിയില്‍ ചേക്കേറും.

മുസ് ലിംകള്‍ക്കിടയില്‍ രണ്ടു കൂട്ടരാണ് ഉള്ളത്. ബിജെപിയുടെ വര്‍ഗീയ അജണ്ടകളെ എല്ലാ മതവിശ്വാസികളും ഒന്നിച്ച് നിന്ന് ജനാധിപത്യപരമായി നേരിടണം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവര്‍. മുസ് ലിംകള്‍ സ്വന്തമായി സംഘടിക്കുന്നത് ആപല്‍ക്കരമാണ് അത് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടും എന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍.

രണ്ട്, മതേതരത്വത്തിന്റെ മുഖം മൂടിയിട്ട കോണ്‍ഗ്രസ്സിനെപ്പോലുള്ള പാര്‍ട്ടികളെ വിശ്വസിക്കരുത്, മുസ് ലിംകള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവര്‍ കൂടെ നില്‍ക്കില്ല, കൊല്ലപ്പെട്ടവന്റെ വീട്ടില്‍ കിറ്റ് വിതരണം ചെയ്യാനുംഫോട്ടോ എടുക്കാനും മാത്രമേ അവര്‍ വരൂ, സ്വയം സംഘടിക്കുകയും ആര്‍എസ്എസ്സിനെതിരെ പരമാവധി പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്ന് പറയുന്നവര്‍.

മതേതര പ്രതിരോധമാണ് വേണ്ടതെന്ന് ഈ വാളില്‍ ആവര്‍ത്തിച്ചു പറയുന്ന എന്നോട് ചോദിച്ച ചോദ്യമാണ് താഴെ സ്‌ക്രീന്‍ ഷോട്ടിലുള്ളത്, കോണ്‍ഗ്രസ്സിനെപ്പോലുള്ള മതേതര കക്ഷികള്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തിലാണ് ഈ മതേതര ചെറുത്ത് നില്പിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മതേതര പാര്‍ട്ടികളുടെ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് നമ്മളെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ്സാണ്, മതേതര പ്രതിരോധം എന്ന ആശയത്തോടൊപ്പം നിങ്ങളില്ല എന്നാണോ നിങ്ങള്‍ കര്‍ണാടകയിലെ മനുഷ്യരോട് പറയുന്നത്..? നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന 38 ശതമാനം വോട്ട് ഷെയറുള്ള കര്‍ണാടകയില്‍ ഇതാണ് നിങ്ങളുടെ നിലപാടെങ്കില്‍ യുപിയിലെയും ഗുജറാത്തിലെയും കാര്യം പറയാനുണ്ടോ...? രാജ്യം ഒരു കലാപത്തിലേക്ക് നീങ്ങിയാല്‍ അതിന് ബിജെപിയോളം ഉത്തരവാദിത്തം നിസ്സംഗതയോടെ നോക്കി നിന്ന കോണ്‍ഗ്രസ്സിനും ഉണ്ടാകും, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സ് ബാക്കി കാണില്ലെങ്കിലും.

'ഒരു നാട് നശിക്കുന്നത് അക്രമം പ്രവര്‍ത്തിക്കുന്നവരെക്കൊയിരിക്കില്ല, പകരം അക്രമം കണ്ടിട്ടും പ്രതികരിക്കാത്തവരെ കൊണ്ടായിരിക്കും'- ഐന്‍സ്റ്റീന്‍.

Next Story

RELATED STORIES

Share it