Latest News

സുഹൃദ്‌സംഘങ്ങളെ നിരീക്ഷിക്കാന്‍ ഒറ്റുകാരുടെ വലയം തീര്‍ത്ത് ഹിന്ദുത്വസംഘടനകള്‍

സുഹൃദ്‌സംഘങ്ങളെ നിരീക്ഷിക്കാന്‍ ഒറ്റുകാരുടെ വലയം തീര്‍ത്ത് ഹിന്ദുത്വസംഘടനകള്‍
X

മംഗളൂരു: വിവിധ മതപശ്ചാത്തലത്തില്‍ നിന്ന് വരുന്ന സുഹൃത്തുക്കള്‍ പരസ്പരം ഇടകലരുന്നത് നിരീക്ഷിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ ഒറ്റുകാരുടെ വലയം തീര്‍ക്കുന്നു. ബംഗളൂരുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഒരു അക്രമസംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഹിന്ദുത്വ സംഘടനകളുടെ പുതിയ സംഘാടന രീതിയെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്.

2021 ഫെബ്രുവരിയില്‍ മംഗളൂരുവിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അടക്കമുള്ള ഏഴ് പേര്‍ ദക്ഷിണ കന്നടയിലെ എര്‍മയി വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ പോയിരുന്നു. വെള്ളച്ചാട്ടം കണ്ടശേഷം 4 മണിക്ക് സംഘം മംഗളൂരുവിലേക്ക് തിരിച്ചു. ഇടയില്‍ വച്ച് അഞ്ച് പേര്‍ ഇവരെ തടഞ്ഞുനിര്‍ത്തിചോദ്യം ചെയ്തു. സംഘത്തില്‍ ഒരു മുസ് ലിമും ശേഷിക്കുന്നവര്‍ ഹിന്ദുപുരുഷന്മാരും ഹിന്ദു സ്ത്രീകളുമാണെന്നതാണ് കാരണം.

തടഞ്ഞു നിര്‍ത്തിയവരില്‍ പ്രധാനിയായ ആളെ പോലിസ് പിന്നീട് തിരിച്ചറിഞ്ഞു. ബിജെപി അംഗമായ ഇയാള്‍ ബജ്രംഗദളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വിനയചന്ദ്ര എന്ന ബിജെപി പ്രവര്‍ത്തകനെയും അജിത്, ഭാരത് എന്ന ബജ്രംഗദള്‍ പ്രവര്‍ത്തകരെയുമാണ് പോലിസ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവര്‍ സംഘത്തിലുണ്ടായിരുന്ന മുസ് ലിം വിദ്യാര്‍ത്ഥിയെ പിടികൂടുകയും തലയില്‍ അടിക്കുകയും ചെയ്തു. മറ്റ് കുട്ടികളെയും അവര്‍ അധിക്ഷേപിച്ചു, ഒരു മുസ് ലിം കുട്ടിയോടൊപ്പം യാത്രചെയ്യാന്‍ നാണമില്ലേയെന്നായിരുന്നു പരിഹാസം.

അക്രമികള്‍ സംഘത്തെ തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു. മുസ് ലിം ആണ്‍കുട്ടിയെ പെണ്‍കുട്ടികളുടെ മുന്നില്‍ ഇരിക്കുന്നതായാണ് ആ ഫോട്ടോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫോട്ടോകള്‍ പിന്നീട് ലൗജിഹാദ് എന്ന ശീര്‍ഷകത്തോടെ വാട്‌സ്ആപ്പുകളില്‍ പ്രചരിപ്പിച്ചു.

ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെയാണ് അക്രമികള്‍ കണ്ടെത്തിയതെന്നാണ് പോലിസ് അന്വേഷിച്ചത്.

സംഘം വെള്ളച്ചാട്ടത്തില്‍ എത്തിയപ്പോള്‍ മുതല്‍ അക്രമികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പോലിസ് തിരിച്ചറിഞ്ഞു. വെള്ളച്ചാട്ടത്തിനടുത്തുള്ള കടയുടമകള്‍, ടിക്കറ്റ് കൗണ്ടറിലെ ജോലിക്കാര്‍, നടന്നുവില്‍പ്പനക്കാര്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരൊക്കെ അക്രമികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.

വ്യത്യസ്ത മതവിശ്വാസികളും സ്ത്രീകളും ഇടകലര്‍ന്ന സംഘങ്ങളെയാണ് ഇവര്‍ ഉന്നം വയ്ക്കുന്നത്. ചില അക്രമ സംഭവങ്ങളില്‍ യുവാക്കളുടെയും യുവതികളുടെയും മാതാപിതാക്കള്‍ക്കും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാളുകള്‍, വിനോദകേന്ദ്രങ്ങള്‍, പബ്ബുകള്‍ എന്നിവിടങ്ങളിലൊക്കെ ഇത്തരം ഒറ്റുകാര്‍ പ്രവര്‍ത്തിക്കുന്നു. ഇതിലിടപെടുന്ന ചില മാതാപിതാക്കള്‍ കരുതുന്നത് തങ്ങള്‍ വഴിതെറ്റുന്ന യുവാക്കളെ രക്ഷിക്കുകയാണെന്നാണ്.

ഫെബ്രുവരിയിലെ സംഭവത്തിനുശേഷം ദക്ഷിണ കന്നട ജില്ലയില്‍ സമാനമായ നാല് സംഭവങ്ങള്‍ കൂടി നടന്നു. ആദ്യത്തേക്കാള്‍ മോശമായിരുന്നു പിന്നീടുണ്ടായത്.

മാര്‍ച്ച് 17ന് ബന്‍ട്‌വാളില്‍നിന്ന് ബംഗളൂരുവിലേക്ക് ബസ്സില്‍ പോയിരുന്ന മൂന്ന് പേരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി. ഇതില്‍ ഇടപെട്ടവരും ബജ്രംഗദള്‍ പ്രവര്‍ത്തകരായിരുന്നു.

മാര്‍ച്ച് 29ന് മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് യാത്രചെയ്തിരുന്ന യുവതീയുവാക്കളെ അക്രമികള്‍ യാത്രക്കിടയില്‍ തടഞ്ഞുനിര്‍ത്തി. ഇവരെ തടയാന്‍ ചില അക്രമികള്‍ ഗൂഢാലോചന നടത്തുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കിയ പോലിസ് ഇരുവരെയും ബസ്സില്‍ നിന്ന് ഇറക്കി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

മാര്‍ച്ച് 30ന് ഉഡുപ്പിയില്‍ നിന്ന് സുരത്ത്കലിലേക്ക് പോയ യുവതീയുവാക്കള്‍ക്കും ഇതേ അനുഭവമുണ്ടായി. അവര്‍ യാത്ര ചെയ്ത ബസ്സില്‍ ഉണ്ടായിരുന്ന ഒരാളാണ് വിവരം അക്രമികളെ അറിയിച്ചത്.

മൂന്ന് സംഭവത്തിലും പോലിസ് അക്രമികള്‍ക്കെതിരേ കേസെടുത്തില്ല. പല കേസിലും പരാതിയില്ലാത്തതാണ് കാരണം.

ഏപ്രില്‍ ഒന്നിന് ഹിന്ദു പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന മുസ് ലിം യുവാവിനെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സ്വാഭാവികമായും കേസെടുത്തു. ഈ കേസില്‍ ഇരകളാക്കപ്പെട്ട രണ്ട് പേരും പഴയ സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു.

യാത്ര ചെയ്യാന്‍ ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത സമയത്താണ് വിവരം ചോര്‍ന്നത്. ഇരയാക്കപ്പെട്ടവരെ നേരിട്ട് അറിയാവുന്നവരാണ് വിവരം കൈമാറിയത്.

എവിടെയെങ്കിലും വ്യത്യസ്തമത വിശ്വാസികള്‍ കൂടിച്ചേര്‍ന്ന് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രാദേശിക സംഘ്പരിവാര്‍ സംഘടകളെ അറിയിക്കുകയാണ് സാധാരണ ചെയ്യുന്നത്. ബജ്രംഗദള്‍ പ്രവര്‍ത്തകരും ഇതില്‍ വ്യാപകമായി പങ്കെടുക്കാറുണ്ട്. അതേസമയം വിവരങ്ങള്‍ കൈമാറുന്നവരില്‍ എല്ലാവരും പാര്‍ട്ടിപ്രവര്‍ത്തകരല്ല.

ഇത്തരം ഓപറേഷനുകളുടെ വിവരങ്ങള്‍ ഫോട്ട സഹിതം ആഘോഷത്തോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാറുണ്ട്.

Next Story

RELATED STORIES

Share it