Latest News

ത്രിപുരയിലെ ഹിന്ദുത്വ ആള്‍കൂട്ടക്കൊല; ഒരു മൃതദേഹം കൂടി കണ്ടെത്തി

നാല്‍പതോളം പേരുള്ള അക്രമി സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംഭവം നടന്ന് പിറ്റേന്ന് ത്രിപുര ഐ.ജി അരിന്ദം നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ത്രിപുരയിലെ ഹിന്ദുത്വ ആള്‍കൂട്ടക്കൊല; ഒരു മൃതദേഹം കൂടി കണ്ടെത്തി
X

അഗര്‍ത്തല: പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സലിം ഹുസൈന്‍ എന്നയാളുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. ഇതോടെ സംഭവത്തില്‍ കൊല്ലപ്പെട്ട നാല് യുവാക്കളുടെ മൃതദേഹം കണ്ടെത്തി.


ത്രിപുരയിലെ ഖോവൈ ജില്ലയില്‍ ജൂണ്‍ 20നായിരുന്നു ഹിന്ദുത്വര്‍ മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നത്. ബിലാല്‍ മിയ (27), സയ്യിദ് ഹുസൈന്‍ (28), സൈഫുല്‍ ഇസ്‌ലാം (21) എന്നിവരുടെ മൃതദേഹം സംഭവ ദിവസം തന്നെ ശരീരമാസകലം മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന സലീമിനെ കാണാതായതായി പരാതിയുണ്ടായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ത്രിപുര സെപാഹിജാല ജില്ലയിലെ സുനമുര സ്വദേശികളാണ് കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കള്‍.


ജൂണ്‍ 20ന് കേസിലെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് സലീമിനെയും കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഒളിപ്പിച്ചെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.


നാല്‍പതോളം പേരുള്ള അക്രമി സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംഭവം നടന്ന് പിറ്റേന്ന് ത്രിപുര ഐ.ജി അരിന്ദം നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. നാലുപേരെ തല്ലിക്കൊന്ന സംഭവത്തിലെ ഭൂരിഭാഗം പ്രതികളെയും പിടികൂടാത്ത ത്രിപുര പോലിസിന്റെ സമീപനം കനത്ത വിമര്‍ശങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബിപ്ലവ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറാണ് ത്രിപുര ഭരിക്കുന്നത്.




Next Story

RELATED STORIES

Share it