Latest News

ബീഹാറില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ പണം പിന്‍വലിക്കാന്‍ അനുവദിക്കാതെ ബാങ്ക് ഉദ്യോഗസ്ഥര്‍; മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം

ബീഹാറില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ പണം പിന്‍വലിക്കാന്‍ അനുവദിക്കാതെ ബാങ്ക് ഉദ്യോഗസ്ഥര്‍; മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം
X

പട്‌ന: ബീഹാറിലെ ബെഗുസരായി ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ ബാങ്ക് ഉദ്യോഗസ്ഥര്‍ പണം പിന്‍വലിക്കാന്‍ അനുവദിച്ചില്ല. ബെഗുസരായിയിലെ യുകൊ ബാങ്കിന്റെ മന്‍സൂര്‍ ചൗക്ക് ബ്രാഞ്ചിലാണ് ഹിജാബ് ധരിച്ചെത്തിയാല്‍ പണം നല്‍കാനാവില്ലെന്ന് അധികൃതര്‍ നിബന്ധനവച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നാല് ബാങ്ക് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയോട് ഹിജാബ് ഊരിമാറ്റിയാലെ പണം നല്‍കാന്‍ കഴിയൂ എന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനെ പെണ്‍കുട്ടി ശക്തമായി ചെറുത്തു. ഹിജാബ് ധരിച്ചതുകൊണ്ട് പണം നല്‍കാനാവില്ലെന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കാണിക്കാന്‍ പെണ്‍കുട്ടിയും മാതാപിതാക്കളും വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

'ഞാനും എന്റെ മകളും എല്ലാ മാസവും ബാങ്കില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ മുമ്പ് ആരും എതിര്‍ത്തിരുന്നില്ല. എന്തിനാണ് അവര്‍ ഇപ്പോള്‍ ഇത് ചെയ്യുന്നത്?. അത്തരത്തിലുള്ള എന്തെങ്കിലും കര്‍ണാടകയിലുണ്ടെങ്കില്‍ എന്തിനാണ് ബിഹാറില്‍ അത് നടപ്പാക്കുന്നത്? ബാങ്കില്‍ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് എന്തെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് ഉണ്ടോ?- പെണ്‍കുട്ടിയുടെ പിതാവ് ചോദിച്ചു.

തര്‍ക്കം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം അത് അംഗീകരിച്ചില്ല.

വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറി. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അടക്കം അത് റിട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയെയും ടാഗ് ചെയ്തു.

'നിങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം പോകാനാകും? താങ്കളുടെ പ്രത്യയശാസ്ത്രവും നയങ്ങളും ധാര്‍മിക ഉത്തരവാദിത്തവും മനഃസാക്ഷിയും ബിജെപിക്ക് മുന്നില്‍ പണയം വെച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ നിങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിനെ ബഹുമാനിക്കുക. ആരോപണവിധേയരായ ജീവനക്കാരെ അറസ്റ്റ് ചെയ്യുക''- തേജസ്വി യാദവ് ട്വീറ്റില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജനങ്ങളുടെ മതവികാരത്തെ ഒരു തരത്തിലും വ്രണപ്പെടുത്താന്‍ ബാങ്ക് ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും യുകൊ ബാങ്ക് മാനമേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it