Latest News

ഹിജാബ് നിരോധനം;ഡ്രസ് കോഡ് നിര്‍ബന്ധമല്ലാത്ത കോളജുകളില്‍ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം

സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും തുറക്കുകയാണ്

ഹിജാബ് നിരോധനം;ഡ്രസ് കോഡ് നിര്‍ബന്ധമല്ലാത്ത കോളജുകളില്‍ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം
X
ബംഗളൂരു: ഉഡുപ്പിയില്‍ ഡ്രസ് കോഡ് നിര്‍ബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാമെന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാനയോഗം. എന്നാല്‍ ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശങ്ങള്‍ യൂണിഫോം ധരിക്കുന്ന സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കുമെന്നും ഉഡുപ്പി ബിജെപി എംഎല്‍എ രഘുപതി ഭട്ട് പറഞ്ഞു.

യൂണിഫോമില്ലാത്ത സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സമാധാന സമിതിയുടെ തീരുമാനം പ്രശ്‌നത്തിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഈ വിഷയത്തില്‍ സമാധാന സമിതി യോഗങ്ങള്‍ നടത്താന്‍ ജില്ലാ ഉദ്യോഗസ്ഥര്‍, പോലിസ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകള്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തേ പറഞ്ഞിരുന്നു. എംഎല്‍എ രഘുപതി ഭട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍, രാഷ്ട്രീയ, മത നേതാക്കള്‍, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും തുറക്കുകയാണ്. സംഘര്‍ഷങ്ങള്‍ തണുപ്പിക്കാന്‍ തെക്കന്‍ ജില്ലയില്‍ ഫെബ്രുവരി 19 വരെ കാംപസുകള്‍ക്ക് സമീപം പോലിസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഹിജാബ് നിരോധനത്തിനെതിരായ ഹരജികളില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it