Latest News

തീവ്ര മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക്

ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്

തീവ്ര മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മറ്റന്നാള്‍ 12 ജില്ലകളിലും റെഡ് അലര്‍ട്ടാണ്. മധ്യ-തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. പെരുമഴയില്‍ മൂന്നു മരണവും വ്യാപക നാശനഷ്ടവുമുണ്ടായി. പത്തനംതിട്ടയില്‍ കാര്‍ തോട്ടില്‍ വീണാണ് അച്ഛനും രണ്ടു മക്കളും മരിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിഞ്ഞും റോഡില്‍ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുള്‍ പൊട്ടിയ ഇരിമാപ്രയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ തഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊല്ലം അഞ്ചല്‍ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്തെ തീരമേഖലയില്‍ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് വെള്ളറട പനച്ചമൂട് നെല്ലിക്കുഴിയില്‍ 15 അടി ഉയരമുള്ള മതിലിടിഞ്ഞ് കാര്‍ തകര്‍ന്നു. കല്ലാര്‍ പൊന്‍മുടി റോഡില്‍ മണ്ണിടിച്ചില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം ആലുവായില്‍ കനത്ത മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ടായി. മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് കലക്ടര്‍മാര്‍ ഉത്തരവിട്ടു. ഇന്നും നാളെയും കനത്ത മഴതുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം ജാഗ്രത പുലര്‍ത്തുകയാണ്. തീര മേഖലയില്‍ ശക്തമായ കാറ്റും ഉണ്ടാകും. മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തിലെ ട്രക്കിങ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിര്‍ത്തി.

ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും.

ഇറിഗേഷന്‍, കെഎസ്ഇബി, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ,പോലിസ്, ഐഎംപിആര്‍ഡി, ഫിഷറീസ് വകുപ്പുകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് സേനയും എമര്‍ജന്‍സി സെന്റര്‍ ഭാഗമായിരിക്കും.

നിലവിലുള്ള എന്‍ഡിആര്‍എഫിനെ കൂടാതെ എറണാകുളം കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകള്‍ നിയോഗിക്കും. ചെന്നൈയിലെ ആര്‍ക്കോണത്തുള്ള എന്‍ഡിആര്‍എഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക. ജില്ലാ തല എമര്‍ജന്‍സി കേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Next Story

RELATED STORIES

Share it