Latest News

സംസ്ഥാനത്ത് കനത്ത ചൂട്; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് കനത്ത ചൂട്; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി പ്രധാന ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ചൂട് മൂലമുള്ള അസുഖങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രത്യേക ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണവും സംസ്ഥാനതലത്തില്‍ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കി. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ദാഹം തോന്നിയില്ലെങ്കിലും ഇടവിട്ട് ധാരാളം വെള്ളം കുടിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

അതേസമയം, ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. ഇന്നലെ മാത്രം കേരളത്തില്‍ 11.34 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകതയും കുത്തനെ ഉയര്‍ന്നു. പീക്ക് സമയത്തെ ഉപയോഗം 5,947 മെഗാവാട്ടിലെത്തി. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

Next Story

RELATED STORIES

Share it