Latest News

'നടനോട് ഇഷ്ടമുണ്ടെങ്കില്‍ തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; പ്രകാശ് രാജ്

നടനോട് ഇഷ്ടമുണ്ടെങ്കില്‍ തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല; പ്രകാശ് രാജ്
X

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്ക്കെതിരേ വിമശനവുമായി നടന്‍ പ്രകാശ് രാജ്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയില്‍ മുഖ്യമന്ത്രിയായെന്നു കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് പറയുന്നു. ജനങ്ങളുടെ ഒരു പ്രശ്നത്തിലും വിജയ് ഇതുവരെ ഇടപെട്ടിട്ടില്ല. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴനിയിലെ സിപിഎം സ്ഥാനാര്‍ഥി എന്‍ പാണ്ടിയുടെ പ്രചാരണത്തിലായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

സിനിമയും രാഷ്ട്രീയവും വേറെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കൊടുംചൂടിലും നീണ്ട ക്യൂ നിന്ന് ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ ടിക്കറ്റെടുക്കും. അന്നത്തെ പണിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും പോലും മാറ്റിവച്ച് ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ വരും. അവരുടെ ആ സ്നേഹത്തെ നിങ്ങള്‍ രാഷ്്ട്രീയ പ്രവേശനത്തിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന് പ്രകാശ് രാജ് ചോദിച്ചു.

ഒരു നടനെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമാണെങ്കില്‍, ആരാധന ഉണ്ടെങ്കില്‍ താനും ഇതുപോലെ ക്യൂ നിന്ന് സിനിമ കാണുമെന്നും തൊണ്ട പൊട്ടുമാറ് വിസില്‍ മുഴക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. പക്ഷേ അവരെ ഈ രാജ്യം ഏല്‍പ്പിച്ച് കൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ട് കാര്യങ്ങളാണ്. വ്യത്യസ്തമായ വേറെ വേറെ ഉത്തരവാദിത്തങ്ങളാണത്. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കരുതെന്നും പ്രകാശ് രാജ് ഓര്‍മിപ്പിച്ചു.

സിനിമാ മോഡല്‍ എന്നൊന്നുണ്ട്. ഒറ്റ സിനിമയില്‍ നിന്നു തന്നെ വലിയ ഹീറോ ആകാം, കാശ് സമ്പാദിക്കാം, വലിയ കാറുകള്‍ മേടിക്കാം. സിനിമയ്ക്കുള്ളില്‍ തന്നെ ഡോക്ടറാം, എന്‍ജിനീയറാകാം, എന്തിന് മുഖ്യമന്ത്രി വരെയാകാം. രാഷ്ട്രീയത്തില്‍ വന്നാല്‍ ഉടനെ മുഖ്യമന്ത്രിയാകുകയാണോ?

ആരാണ് രാഷ്ട്രീയം പറയുന്നത്. ഞാന്‍ പറയുന്ന അളവില്‍ നിങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ? ഇത്രയും വര്‍ഷത്തിനിടയ്ക്ക് തമിഴ്‌നാട്ടിലെ മക്കള്‍ക്കോ, ഭാഷയ്‌ക്കോ നാടിനോ ഒരു പ്രശ്‌നം വന്നപ്പോള്‍ തുണയായി നിന്നിട്ടുണ്ടോ? നിങ്ങളുെട മേല്‍ ജനങ്ങള്‍ വച്ചിരിക്കുന്ന സ്‌നേഹം സിനിമ കൊണ്ടുള്ള പ്രശസ്തി മൂലം മാത്രമാണ്, അല്ലാതെ രാഷ്ട്രീയത്തിനല്ല. അതിനെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്.

ദ്രവീഡിയന്‍ മോഡല്‍ വേണോ, അടിമ മോഡല്‍ വേണോ, സിനിമ മോഡല്‍ വേണോ. രാഷ്ട്രീയം ജനങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. ജയിച്ചവര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവൃത്തിക്കണം. ഇവിടെ ഇന്ത്യയില്‍ ജയിച്ചവര്‍ രാഷ്ട്രീയം കളിക്കുന്നു, ജനങ്ങള്‍ അവര്‍ക്കു വേണ്ടി ജോലി ചെയ്യുന്നു. അത് മാറ്റണം. ഇന്ത്യയുടെ രാഷ്ട്രീയം എന്താണ്, തമിഴ്‌നാട് എന്തിനെയൊക്കെയാണ് എതിര്‍ത്തു നില്‍ക്കുന്നത്. ഏത് അണികളാണ് നമുക്കൊപ്പം നില്‍ക്കുക. അത് ചിന്തിച്ച് വോട്ട് ചെയ്യണം.

Next Story

RELATED STORIES

Share it