Latest News

ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് ശെയ്ഖ് ഹസീന; തിരികെ കൊണ്ടുവരല്‍ പ്രഥമ പരിഗണനയിലുള്ള കാര്യമെന്ന് ഇടക്കാല സര്‍ക്കാര്‍

ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് ശെയ്ഖ് ഹസീന; തിരികെ കൊണ്ടുവരല്‍ പ്രഥമ പരിഗണനയിലുള്ള കാര്യമെന്ന് ഇടക്കാല സര്‍ക്കാര്‍
X

ന്യൂഡല്‍ഹി/ധാക്ക: ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീന. വിദ്യാര്‍ഥി പ്രക്ഷോഭ കാലത്ത് കൊല്ലപ്പെട്ട നാലു പോലിസുകാരുടെ ഭാര്യമാരുമായി ഓണ്‍ലൈനില്‍ സംസാരിക്കവയൊണ് ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് ഹസീന പ്രഖ്യാപിച്ചത്. ''എന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള സൂക്ഷ്മമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകങ്ങള്‍. ഞാന്‍ തിരിച്ചുവന്ന് പോലിസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും. നിലവില്‍ അധികാരത്തിലുള്ളവര്‍ ബംഗ്ലാദേശിനെ നശിപ്പിക്കുകയാണ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ജീവനോടെ ബാക്കിയായത്. ഞാന്‍ തിരിച്ചുവന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നീതി ഉറപ്പാക്കും''-ഹസീന പറഞ്ഞു.

എന്നാല്‍, ഹസീനയെ തിരികെ എത്തിയ്ക്കല്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള പ്രധാന വിഷയമാണെന്ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേശകനായ മുഹമ്മദ് യൂനുസിന്റെ ഓഫിസിന് ഇതിനോട് പ്രതികരിച്ചു.

''നിരവധി കൊലക്കേസുകളില്‍ ഹസീന പ്രതിയാണ്. അവരെ വിചാരണ ചെയ്യേണ്ടതുണ്ട്. ഹസീനയെ വിട്ടുനല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബംഗ്ലാദേശികളാണ്. എന്നാല്‍, കൊലപാതകങ്ങള്‍, തിരോധാനങ്ങള്‍ എന്നിവയില്‍ അവര്‍ വിചാരണ നേരിടേണ്ടി വരും. ഹസീനയുടെ ഭരണകാലത്ത് നിരവധി കുറ്റങ്ങള്‍ ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപോര്‍ട്ടും പറയുന്നുണ്ട്. ''-മുഹമ്മദ് യൂനുസിന്റെ വക്താവ് ഷഫീഖുല്‍ ആലം പറഞ്ഞു.

സിവില്‍ സര്‍വീസിലെ മൂന്നിലൊന്ന് പദവികള്‍ 1971ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കള്‍ക്കായി മാറ്റിവക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രതിഷേധത്തിലാണ് ഹസീനക്ക് അധികാരം നഷ്ടമായത്. ആഴ്ച്ചകളോളം നീണ്ട പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2024 ആഗസ്റ്റ് ആദ്യം ഹസീന രഹസ്യമായി ഇന്ത്യയിലേക്ക് കടന്നു. നിലവില്‍ ന്യൂഡല്‍ഹിയിലെ രഹസ്യകേന്ദ്രത്തിലാണ് ഹസീനയുള്ളത്.

Next Story

RELATED STORIES

Share it