Latest News

ഹാരിസണ്‍സിന് 1976ല്‍ അനുവദിച്ച നിയമവിരുദ്ധക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം: സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എ കൗശിഗന്‍

ഹാരിസണ്‍സിന് 1976ല്‍ അനുവദിച്ച നിയമവിരുദ്ധക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം: സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എ കൗശിഗന്‍
X

തിരുവനന്തപുരം: ഹാരിസണ്‍സിന് 1976ല്‍ അനുവദിച്ച നിയമവിരുദ്ധക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യണമെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എ കൗശിഗന്‍. വിദേശ കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്‍സിന് (യു.കെ) 1976 സെപ്തംബര്‍ 30ന് കോട്ടയം സ്‌പെഷ്യല്‍ മുന്‍സിപ്പല്‍ ലാന്‍ഡ് ട്രൈബ്യൂനല്‍ നല്‍കിയ 763.11 ഏക്കര്‍ ഭൂമിയുടെ ക്രയ സര്‍ട്ടിഫിക്കറ്റ് (നമ്പര്‍3062/1976) റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ ഓഫിസര്‍ കോട്ടയം കലക്ടര്‍ക്ക് കത്തുനല്‍കി.

1947നു മുന്‍പ് യു.കെ ആസ്ഥാനമാക്കിയുള്ള ഹാരിസണ്‍സ് കമ്പനി കൈവശംവെച്ചിരുന്ന സര്‍ക്കാര്‍ ഭൂമിയും ദേവസ്വം ഭൂമിയും മറ്റു സ്വകാര്യ പാട്ടഭൂമിയും നിലവില്‍ കൈവശം വച്ചിരിക്കുന്നത് ഹാരിസണ്‍സ് അടക്കമുള്ള കമ്പനികളാണ്. ഹൈകോടതിയുടെയും സര്‍ക്കാറിന്റെയും നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ഓഫിസര്‍ നടത്തിയ 1057ലെ ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടിയെടുത്തിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കൈവശഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള രേഖകള്‍ ഈ കമ്പനികളോട് ആവശ്യപ്പെട്ടത്.

ഹാരിസണ്‍സ് സ്‌പെഷ്യല്‍ ഓഫിസില്‍ ഹാജരാക്കിയ രേഖകളുടെ പകര്‍പ്പുകളില്‍ 763.11 ഏക്കര്‍ ഭൂമിയുടെ ക്രയ സര്‍ട്ടിഫിക്കറ്റിന്റെ നോട്ടറി പകര്‍പ്പുണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 72 (ഒന്ന്) പ്രകാരം 1970 ജനുവരി ഒന്നിന് സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയാണിതെന്ന് കണ്ടെത്തി. ഉടമസ്ഥന് സംസ്ഥാനത്തുള്ള ഭൂമിയുടെ ആകെ വിസ്തീര്‍ണം കണക്കാക്കി വകുപ്പ് 82ലെ സീലിങ് പരിധിക്കുള്ളില്‍ മാത്രമാണ് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്.

നിയമം നിലവില്‍ വന്നത് 1964 എപ്രില്‍ ഒന്നിനാണ്. ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് (യു.കെ) 1908ലെ കമ്പനീസ് ആക്ട് പ്രകാരം ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണെന്ന് അവര്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണ്. 1978ലാണ് വിദേശ കമ്പനിയെ സംയോജനത്തിലൂടെ ഇന്ത്യന്‍ കമ്പനിയായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. സംയോജനം നടന്നതോടെ പഴയ കമ്പനിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടു. അതായത് പഴയ കമ്പനിയുടെ ആനുകൂല്യങ്ങള്‍ പുതിയ കമ്പനിക്ക് ലഭിക്കില്ല. ഹാരിസണ്‍സ് മലയാളം നിലവില്‍ വന്നതാകട്ടെ 1984ലുമാണ്.

ഭൂപരിഷ്‌കരണത്തിന്റെ മുഖ്യലക്ഷ്യം സംസ്ഥാനത്തെ ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ആ നിയമത്തിലെ വകുപ്പ് 72 (ഒന്ന്) പ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ 763.11 ഏക്കര്‍ ഭൂമിയാണ് 1976ല്‍ സീലിങ് പരിധി ലംഘിച്ച് വിദേശ കമ്പനികള്‍ പതിച്ചു നല്‍കിയത്. 1973ലെ ഫെറ നിയമപ്രകാരം വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമി ലഭിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇവിടെ ഭൂപരിഷ്‌കരണ നിയമത്തിന്റെയും ഫെറയുടെയും ലംഘനം നടന്നു. നിയമവിരുദ്ധമായ ക്രയ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപ്രകാരം അധികാരമുള്ള കേന്ദ്രങ്ങള്‍ക്ക് റദ്ദ് ചെയ്യാമെന്ന് 2018 ഏപ്രില്‍ 11ലെ വിധിന്യായത്തില്‍ ഹൈകോടതിയുടെ നിരീക്ഷിച്ചിരുന്നു.

വിദേശകമ്പനികള്‍ക്കും പൗരന്മാര്‍ക്കും ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആര്‍ജിക്കുന്നതിനും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി 2021 ഫെബ്രുവരി 26ലെ ഉത്തരവില്‍ വ്യക്തമാക്കി. ഫെറ നിയമം നിലവില്‍ വന്ന തിയ്യതി മുതല്‍ 90 ദിവസത്തിനകം വകുപ്പ് 31 (നാല്) പ്രകാരം വിദേശ കമ്പനികളും പൗരന്മാരും ഇന്ത്യയില്‍ കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ചുള്ള റിട്ടേണ്‍ റിസര്‍വ്ബാങ്കില്‍ ഫയല്‍ ചെയ്യണം. നിയമ നിഷേധങ്ങള്‍ പരിശോധിക്കുന്നതിന് ഒപ്പം ഭൂപരിഷ്‌കരണ നിയമപ്രകാരം ഇന്ത്യന്‍ കമ്പനിയല്ലാത്ത വിദേശകമ്പനിയായ ഹാരിസണ്‍സിന് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച സാഹചര്യവും വകുപ്പ് 82 ല്‍ പരാമര്‍ശിക്കുന്ന പരിധിക്കുപുറത്ത് ഭൂമി അനുവദിച്ച സാഹചര്യവും പരിശോധിക്കണമെന്നാണ് കത്തില്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എ കൗശിഗന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് 1976ലെ 3062ാം നമ്പര്‍ ക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുന്നതിനുള്ള അപേക്ഷ പൊതു താല്‍പര്യം മുന്‍ നിര്‍ത്തി അപ്പലേറ്റ് അതോറിറ്റിക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ 2021 ഫെബ്രുവരി 26 ലെ വിധിന്യായത്തിന്റെയും ക്രയ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകളും കോട്ടയം കലക്ടര്‍ക്ക് കൈമാറി. 2014ല്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായരുന്ന പി മേരിക്കുട്ടി ഹിരാസണ്‍സിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നല്‍കിയ ഭൂമി ഉളവുകള്‍ പുനപരിശോധിക്കണമെന്ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ല. സുപ്രീംകോടതി വിധിയുടെ കൂടി പഞ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ഓഫിസറുടെ കത്ത് ഹരാസിണ്‍സ് കേസില്‍ വഴിത്തിരുവായേക്കാം.

Next Story

RELATED STORIES

Share it