Latest News

ഹജ്ജ് 2026: നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം

65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു

ഹജ്ജ് 2026: നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം
X

മുംബൈ: 2026ലെ ഹജ്ജ് യാത്രക്ക് തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടന്നു. കേരളത്തിന് 8530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകള്‍ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച 3620 പേരില്‍ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവര്‍ക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വെയ്റ്റിങ് ലിസ്റ്റില്‍ വിതൗട്ട് മെഹ്റം വിഭാഗത്തിലെ ബാക്കിയുള്ളവര്‍ക്കായിരിക്കും ആദ്യ പരിഗണന. പിന്നീട് ജനറല്‍ ബി- ബാക്ക്ലോഗ് (2025 വര്‍ഷം അവസരം ലഭിക്കാത്തവര്‍), ജനറല്‍ എന്നീ ക്രമത്തിലാണ് അവസരം ലഭിക്കുക. നിലവില്‍ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് ഇപ്പോള്‍ പരിഗണന ലഭിച്ചിട്ടില്ല.

സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകള്‍ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് ലഭിച്ച കവര്‍ നമ്പറുകള്‍ പ്രകാരമാണ് വിവരങ്ങള്‍ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള കുടുതല്‍ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓണ്‍ലൈനായും പണമടക്കാം. പണമടച്ച രശീതി, മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പു കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്യും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരുടെ സേവനം ലഭ്യമാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് ഫോണ്‍: 0483-2710717, 2717572, 8281211786. എന്നീ നമ്പറുകളില്‍ സഹായം തേടാമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.



Next Story

RELATED STORIES

Share it