Latest News

ശ്രീലങ്കയില്‍ മുസ്‌ലിം വോട്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ വെടിവെപ്പ്

രണ്ട് പ്രധാന എതിരാളികള്‍ക്കും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും തമിഴരുടെയും വോട്ട് നിര്‍ണായകമാണ്. ജാഫ്‌നയിലെ സൈനികസാന്നിധ്യം രാജപക്‌സെയ്ക്ക് അനുകൂലമായി വിധിക്ക് വഴിവെക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ശ്രീലങ്കയില്‍ മുസ്‌ലിം വോട്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ വെടിവെപ്പ്
X

കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിം വോട്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ സായുധാക്രമണം. ശ്രീലങ്കയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പോളിങ് ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് വെടിവെപ്പു നടന്നത്. ആക്രമണത്തില്‍ ജീവഹാനിയോ വലിയ പരിക്കുകളോ ഉണ്ടായതായി റിപോര്‍ട്ടില്ല. കൊളൊമ്പോയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ തന്ദിരിമാലയിലാണ് സംഭവം.

വെടിവെപ്പു നടത്തിയവര്‍ വാഹനങ്ങള്‍ തടയുന്നതിനു വേണ്ടി റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു. നൂറോളം വാഹനങ്ങളില്‍ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലേക്ക് കോണ്‍വോയ് അടിസ്ഥാനത്തില്‍ പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ വാഹനങ്ങള്‍ക്കു നേരെ വെടിവെച്ചതിനു പുറമെ കല്ലെറിയുകയും ചെയ്തു. മുന്‍നിരയിലുണ്ടായിരുന്ന രണ്ട് ബസാണ് ആക്രമണത്തിനിരയായത്. തീരദേശ ജില്ലയായ പുട്ടളത്തുനിന്ന് അടുത്ത ജില്ലയായ മാന്നാറിലേക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മുസ്‌ലിംകള്‍ക്കു നേരെയായിരുന്നു ആക്രമണം.

വഴി മധ്യേ സൈന്യം റോഡ് ബ്ലോക്കുകള്‍ സ്ഥാപിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് റോഡ് ബ്ലോക്കുകള്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്നും പോലിസ് സൈന്യത്തെ അറിയിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും പ്രാദേശിക കമാന്റര്‍മാരെ പോലിസ് താക്കീത് ചെയ്തു.

35 ഓളം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ശ്രീലങ്കന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിംഹളീസ് നാഷണല്‍ പാര്‍ട്ടിയും ഇപ്പോള്‍ അധികാരത്തിലുള്ള യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സേയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമാണ് സിംഹളീസ് നാഷണല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന ഗോട്ടബയ രാജപക്‌സെ. യുണൈറ്റഡ് നാഷണ്‍ പാര്‍ട്ടി ടിക്കറ്റില്‍ സജിത് പ്രേമദാസയും മത്സരിക്കുന്നു. ശ്രീലങ്കയില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ഏറെ വിദ്വേഷം വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിംഹളീസ് നാഷണല്‍ പാര്‍ട്ടി. ന്യൂനപക്ഷവിരോധം ആളിക്കത്തിച്ച് സംഘര്‍ഷം സൃഷ്ടിച്ചതില്‍ പാര്‍ട്ടിക്കും മുന്‍പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്കും പങ്കുണ്ടെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത്.

രണ്ട് പ്രധാന എതിരാളികള്‍ക്കും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും തമിഴരുടെയും വോട്ട് നിര്‍ണായകമാണ്. ജാഫ്‌നയിലെ സൈനികസാന്നിധ്യം രാജപക്‌സെയ്ക്ക് അനുകൂലമായി വിധിക്ക് വഴിവെക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it