Latest News

ജിഎസ്ടി നിരക്ക് വര്‍ധന ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍;ന്യായീകരണവുമായി ബിജെപി നേതാവ്

ജിഎസ്ടി നിരക്ക് വര്‍ധന ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍;ന്യായീകരണവുമായി ബിജെപി നേതാവ്
X

തൃശൂര്‍:ജിഎസ്ടി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാല കൃഷ്ണന്‍.ജനങ്ങള്‍ സാധാരണ കച്ചവടക്കാരെ ഉപേക്ഷിച്ച് വലിയ മാളുകളില്‍നിന്ന് സാധനം വാങ്ങുന്നത് തടയാന്‍ ജിഎസ്ടി നിരക്ക് വര്‍ധന സഹായകമാകുമെന്നായിരുന്നു ഗോപാല കൃഷ്ണന്റെ വാദം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ന്യായീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.

സംസ്ഥാന ധനമന്ത്രിക്കെതിരെയും കുറിപ്പില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.നികുതി വര്‍ധനവ് പ്രതിഷേധാര്‍ഹമാണെന്ന് ധനമന്ത്രി പത്രസമ്മേളനം നടത്തിയല്ല പറയേണ്ടത്. ജിഎസ്ടി കൗണ്‍സിലില്‍ ആണ് പറയേണ്ടത്, അവിടെ മിണ്ടിയില്ലെന്നും,നികുതി കിട്ടുന്നത് മുഴുവന്‍ വരട്ടെ എന്ന ചിന്തയാണ് ധനമന്ത്രിക്ക് ഉണ്ടായിരുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പണം മുഴുവനും കേരളത്തിനും തെറി മുഴുവനും കേന്ദ്രത്തിനുമെന്നതാണ് മന്ത്രിയുടെ കൗശലമെന്നും ഒളിച്ച് കളി നടത്തുന്നത് അഭികാമ്യമല്ലെന്നും കുറിപ്പില്‍ പറയുന്നു.

ബി ഗോപാലകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മിസ്റ്റര്‍ ഫിനാന്‍സ് മിനിസ്റ്റര്‍ നിങ്ങള്‍ ഒളിച്ച് കളിക്കരുത്.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ താങ്കള്‍ക്ക് ഒരു നിലപാട് പുറത്ത് വരുമ്പോള്‍ മറ്റൊരു നിലപാട്.ഇത് ശരിയല്ല. ഇതിന് മുന്‍പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. പറയേണ്ട കാര്യം ജിഎസ്സ്ടി കൗണ്‍സിലില്‍ പറയണം. പുറത്ത് വന്ന് കയ്യടി മേടിക്കാന്‍ മേനി പറയുമ്പോള്‍ പണ്ടത്തെ കാലമല്ലന്നും ഓര്‍ക്കണം ഭക്ഷ്യസാധനങ്ങള്‍ 25കിലോയ്ക്ക് താഴെയാണ് പാക്ക് ചെയ്ത് കൊടുക്കുന്നുയെങ്കില്‍ അതിന് അഞ്ച് ശതമാനം ടാക്‌സ് ചുമത്തുന്നത് നീതിരഹിതവും പ്രതിഷേധാര്‍ഹവുമാണന്ന് കേരളത്തിന്റെ ധനമന്ത്രി കേരളത്തില്‍ പത്രസമ്മേളനം നടത്തി അല്ല പറയേണ്ടത്. ജി.എസ്സ്.ടി കൗണ്‍സിലില്‍ ആണ് പറയേണ്ടത്. അവിടെ മിണ്ടിയില്ല കാരണം ടാക്‌സ് കിട്ടുന്നത് മുഴുവന്‍ വരട്ടെ എന്ന് ചിന്തിച്ചു, പണം മുഴുവനും കേരളത്തിനും തെറി മുഴുവനും കേന്ദ്രത്തിനും. ഇതാണ് മന്ത്രി ബാലഗോപാലിന്റെ കൗശലം. ജി എസ്സ് ടി കൗണ്‍സിലില്‍ ആരും എതിര്‍ത്തില്ലെന്ന കാര്യം കേന്ദ്ര ഫിനാന്‍സ് മിനിസ്റ്റര്‍ ചൂണ്ടി കാണിച്ചപ്പോള്‍ മന്ത്രി ബാലഗോപാലിന് മിണ്ടാട്ടം മുട്ടി. പണ്ട് കെഎസ്സ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാരാണന്ന് പറഞ്ഞ ബാലഗോപാല്‍ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രം വിലകുറക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്രം വില കുറച്ചപ്പോള്‍ ഒരു പൈസ സംസ്ഥാനം കുറക്കില്ലന്ന് പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ എല്ലാം കുറച്ചപ്പോഴും കേരളം കുറച്ചില്ല. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന ഉത്കണ്ഠ അടിസ്ഥാനരഹിതമാണ്. ചില്ലറ വില്പന നടത്തുന്ന സാധാരണ കച്ചവടക്കാരെ കുത്തുപാളയെടുപ്പിച്ച് വലിയ മാളുകളിലേക്കുള്ള പരക്കംപാച്ചില്‍ തടയാന്‍ ഇത് മാത്രമാണ് പോംവഴി. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരോട് ഒപ്പമാണ്. ചെറുകിട കച്ചവടക്കാര്‍ സാധനങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് രണ്ട് കിലോയോ, അഞ്ച് കിലയോ കൊടുത്താലും മേടിച്ചാലും നികുതി ഇല്ല. വാസ്തവത്തില്‍ ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ക്ക് ഇനി ക്രയവിക്രമം കൂടുന്നത് രാജ്യത്തിന് നല്ലത്. പക്ഷെ ഇത് തുറന്ന് പറയണം. ബാലഗോപാല്‍ താങ്കള്‍ ഒരു നല്ല ഫിനാന്‍സ് മിനിസ്റ്ററായി കാണാന്‍ ആഗ്രഹിക്കുന്നു. അതിന് ആദ്യം വേണ്ടത് സത്യസന്ധമായ് വിലയിരുത്തലാണ്. ഒളിച്ച് കളി നടത്തുന്നത് അഭികാമ്യമല്ല.


Next Story

RELATED STORIES

Share it