Latest News

ഓണം വാരാഘോഷത്തിന് ഹരിതചട്ടം കര്‍ശനം; നിരോധിത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി

ഓണം വാരാഘോഷത്തിന് ഹരിതചട്ടം കര്‍ശനം; നിരോധിത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ 30 വേദികളിലായി ഇക്കുറി വിപുലമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടേതാണ് തീരുമാനം. കമ്മിറ്റി ചെയര്‍മാന്‍ എം. വിന്‍സന്റ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ജില്ലയിലെ ഓണാഘോഷ വേദികള്‍ പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേര്‍ന്ന് ഓരോ സബ് കമ്മിറ്റികളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ജില്ലയിലെ എല്ലാ ഓണാഘോഷ വേദികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കുന്നതിനായി ഹരിതകര്‍മ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തും. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുക, വേദികള്‍ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.

വോളന്റിയര്‍ കമ്മിറ്റിയുടെ സഹകരണത്തില്‍ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി കേഡറ്റുകള്‍, വോളന്റീര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും മുഴുവന്‍ സമയ പട്രോളിങ്ങും ഉണ്ടായിരിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ ഓണാഘോഷ വേദികളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വരാതിരിക്കുന്നതിനും മാലിന്യം അതത് ബിന്നുകളില്‍ തരംതിരിച്ചു നിക്ഷേപിക്കുന്നതിനും ശ്രദ്ധിക്കണണെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it