Latest News

ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ട്; വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫിസര്‍ എ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും

ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ട്; വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍ നിയമനം സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്.

അതേസമയം, വി.സിയുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇതോടെ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് വിസി ആയി തുടരാം. അതേസമയം, പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നുമാണ് ഹരജിക്കാരുടെ നിലപാട്.

മന്ത്രിസഭാ യോഗതീരുമാനങ്ങള്‍

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫിസര്‍ എ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നല്‍കും. പിതാവിന്റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ കൂടി നല്‍കാനും തീരുമാനമായി.

തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പ്രദീപ് പങ്കെടുത്തിട്ടുണ്ട്.

2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനവും പ്രദീപ് കാഴ്ചവെച്ചിരുന്നു. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്.


Next Story

RELATED STORIES

Share it