Latest News

കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത

കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം
X

തിരുവനന്തപുരം: കേരള വന ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ മുറിച്ച് വില്‍പ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കുന്നതാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ചന്ദന മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്‍പ്പന നടത്താന്‍ നിലവില്‍ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരേ കേസ് എടുക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ചന്ദന മരം ഉടമക്ക് വില്‍ക്കാനാകും. കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ ഇപ്പോള്‍ നിയമത്തില്‍ വ്യവസ്ഥയില്ല. ഗവര്‍ണര്‍ അംഗീകരിച്ച ബില്ല് നിലവില്‍ വരുന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാന്‍ സാധിക്കുന്നതാണ്.

പല നിസാര കേസുകളും രാജിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന നിരവധി പരാതികളുണ്ട്. കോടതിയില്‍ എത്തുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ ഫൈന്‍ അടച്ച് കേസ് അവസാനിപ്പിക്കുന്ന വിധത്തിലാണ് ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തത്. ഇങ്ങനെ കുറ്റം രാജിയാക്കുമ്പോള്‍ ജയില്‍ ശിക്ഷ ഒഴിവായിക്കിട്ടുന്നതാണ്. എന്നാല്‍ വലിയ കുറ്റങ്ങള്‍ ഇങ്ങനെ രാജിയാക്കാന്‍ പറ്റില്ല. വന നിയമം 1961ല്‍ നിലവില്‍ വന്നതാണ്. അതിനു ശേഷം നിയമത്തില്‍ പറഞ്ഞിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി തസ്തികകള്‍ റദ്ദാക്കുകയും കേന്ദ്ര നിയമങ്ങള്‍ പ്രകാരമുള്ള പുതിയ തസ്തികകള്‍ നിലവില്‍ വരികയും ചെയ്തിട്ടുണ്ട്. എംഎല്‍എമാരുടേയും മറ്റ് സബ്ജക്ട് കമ്മിറ്റികളുടേയും അഭിപ്രായം മാനിച്ചാണ് കഴിഞ്ഞ 64 കൊല്ലമായി വനം വാച്ചര്‍മാര്‍ക്ക് ഉണ്ടായിരുന്ന അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തു കളഞ്ഞത്.

Next Story

RELATED STORIES

Share it