Latest News

'ചെപ്പടി വിദ്യ കാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരും'; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

ചെപ്പടി വിദ്യ കാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരും; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും പാര്‍ട്ടി കേഡര്‍മാരെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരേ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ രംഗത്തുവന്നത്. മാധ്യമങ്ങളോട് താന്‍ അകന്നുനില്‍ക്കുന്നില്ല. അവരോടു ബഹുമാനമാണ്. മാധ്യമങ്ങളോട് പുറത്തുകടക്കാനും സിന്‍ഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്നു തനിക്കറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 'പിപ്പിടി' പ്രയോഗവും ഗവര്‍ണര്‍ പരാമര്‍ശിച്ചു.

ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. രാജിവയ്ക്കണമെന്നുള്ള തന്റെ നിര്‍ദേശം സര്‍വകലാശാല വിസിമാര്‍ തള്ളിയതിനു പിന്നാലെ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. സുപ്രിംകോടതി വിധി പ്രകാരമാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. കോടതി വിധി നാടിന്റെ നിയമമാണ്. വിസിമാര്‍ കാരണം കാണിച്ചാല്‍ പരിഗണിക്കും. വിസിമാരുടെ രാജിയാവശ്യവും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. വിസി നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്നതാണ് പ്രശ്‌നം. ചില വിസിമാര്‍ മികച്ചവരാണ്, പക്ഷെ സുപ്രിംകോടതി വിധി തനിക്ക് നടപ്പാക്കണം. സുപ്രിംകോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ല. മികച്ച പ്രകടനം കാഴ്ചവച്ച വിസിമാരോട് അനുകമ്പയെന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍ ഡിജിറ്റല്‍, ശ്രീനാരായണ വിസിമാര്‍ക്കെതിരേ നടപടിയുണ്ടാവും. വിസിമാരോട് രാജി വേണ്ടെന്ന് പറഞ്ഞത് എല്‍ഡിഎഫ് ആണ്. വിസിമാര്‍ക്ക് വേണമെങ്കില്‍ വീണ്ടും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കില്‍ സ്ഥാനത്ത് വരാം. സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. ഒരു വിസിയേയും പുറത്താക്കിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിസിക്കെതിരായ വിമര്‍ശനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയും കണ്ണൂര്‍ വിസിയെ വിമര്‍ശിച്ചു.

തന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നല്‍കുന്നില്ല. കേരള വൈസ് ചാന്‍സലര്‍ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നല്‍കിയത്. താന്‍ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാല്‍, തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാന്‍ അദ്ദേഹം തയ്യാറായില്ല. സുപ്രിംകോടതി വിധി വളരെ കൃത്യമാണ്. സാങ്കേതിക സര്‍വകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂര്‍ സര്‍വകലാശാല വിസിക്കും ബാധകമാണ്.

വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി പറഞ്ഞു. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നും പറഞ്ഞത് താന്‍ അല്ല. ഭരണഘടനയും സുപ്രിംകോടതി വിധിയും ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. ഒമ്പത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വിസിമാരുടെ കാര്യവും താന്‍ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താന്‍ ഒരു അഭിഭാഷകനാണെന്നും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിര്‍ന്ന പലരില്‍ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനമെടുക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it