Latest News

കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ കെ ശശീന്ദ്രന്‍

കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ കെ ശശീന്ദ്രന്‍
X

കോഴിക്കോട്: കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഉത്പ്പാദന മേഖലയിലെ ചെലവ് കുറച്ച് ഉത്പ്പാദന ശേഷി വര്‍ധിപ്പിച്ചാല്‍ കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കാന്‍ സാധിക്കും. ഇത് യാഥാര്‍ത്ഥ്യമാവണമെങ്കില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ കേന്ദ്ര വൈദ്യുതി മന്ത്രാലയം സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ.എസ്.ഇ.ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047' ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ സഹകരണത്താല്‍ മുടങ്ങിക്കിടന്ന പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഇതിന് ഉദാഹരണമാണ് കൂടംകുളം മുതല്‍ എടവണ്ണ വരെയുള്ള മുടങ്ങിക്കുന്ന ലൈന്‍ യാഥാര്‍ത്ഥ്യമാക്കാനായത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനായി ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ അനീഷ് രാജേന്ദ്രന്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ സി.എസ് സത്യഭാമ, ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി സജിത്ത്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സന്ധ്യ ദിവാകര്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം മുഹമ്മദ് റഫീഖ് സ്വാഗതവും ഇല. സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാജി സുധാകരന്‍ നന്ദിയും പറഞ്ഞു.

ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം' സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് വീഡിയോ പ്രദര്‍ശനവും കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.വിവിധ വിഷയങ്ങളില്‍ ഹ്രസ്വ ചിത്രങ്ങളും നാടകങ്ങളും പ്രദര്‍ശിപ്പിച്ചു.

Next Story

RELATED STORIES

Share it