Latest News

മന്ത്രവാദം ഉപയോഗിച്ച് സ്വര്‍ണത്തട്ടിപ്പ്: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ഇയാളുടെ പേരില്‍ സമാനമായ നിരവധി കേസുകള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പരപ്പനങ്ങാടി പോലിസ് പറഞ്ഞു.

മന്ത്രവാദം ഉപയോഗിച്ച് സ്വര്‍ണത്തട്ടിപ്പ്: വ്യാജ സിദ്ധന്‍ അറസ്റ്റില്‍
X

പരപ്പനങ്ങാടി : തകിടുപയോഗിച്ച് മാന്ത്രികവിദ്യകള്‍ കാണിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത വ്യാജ സിദ്ധനെ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ ഷിഹാബുദ്ദീനെ (37) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. കൊടക്കാട് സ്വദേശിനി റാബിയയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇവരുടെ 25 പവന്‍ സ്വര്‍ണം ചതിപ്രയോഗത്തിലൂടെ ഷിഹാബുദ്ദീന്‍ തട്ടിയെടുത്തു എന്നാണ് പരാതി. ഇയാളുടെ പേരില്‍ സമാനമായ നിരവധി കേസുകള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പരപ്പനങ്ങാടി പോലിസ് പറഞ്ഞു.


കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മന്ത്രവാദം നടത്തിയ ശേഷം, വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങള്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിക്കണം എന്ന് വിശ്വസിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ശേഷം വീട്ടിലെ തന്നെ മറ്റാരെയെങ്കിലും കൊണ്ട് ആഭരണങ്ങള്‍ പുറത്തെടുക്കുകയും അത് കൈക്കലാക്കി കടന്നു കളയുകയുമാണ് ചെയ്തത്. ഇപ്രകാരം അലമാരയില്‍ വച്ച് സൂക്ഷിക്കുന്ന സ്വര്‍ണത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് പരസ്പരം സംസാരിക്കരുത് എന്ന് നിര്‍ദേശിച്ച ശേഷമാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുന്നതിനാല്‍ തട്ടിപ്പ് നടന്ന കാര്യം സാവധാനം മാത്രമേ പുറത്തറിയു എന്നതിനാലാണ് ഇത്തരം മാര്‍ഗം ഉപയോഗിക്കുന്നത് എന്നാണ് പ്രതിയുടെ കുറ്റസമ്മതം.


വാട്‌സ് ആപ്പ് / ഫേസ് ബുക്ക് ചാറ്റിലൂടെയും ഫോണ്‍ വിളികളില്‍ കൂടിയുമാണ് പ്രതി സ്ത്രീകളെ ചതിയില്‍ പെടുത്തുന്നത്. ഇത്തരത്തില്‍ ഇരകളെ കണ്ടെത്തിയ ശേഷം കൈക്കലാക്കുന്ന സ്വര്‍ണം മലപ്പുറം ജില്ലയിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ച് കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്. പരപ്പനങ്ങാടി അഡി.എസ് ഐ രാധാകൃഷ്ണന്‍ , പോലീസുകാരായ ജിതിന്‍, വിവേക്, രാജ്യമണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ സ്ഥിരമായി സ്വര്‍ണം പണയത്തിനായി വാങ്ങുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതായി പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസ് പറഞ്ഞു.




Next Story

RELATED STORIES

Share it