Latest News

സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

97 വയസ്സായിരുന്നു. 325ലധികം സിനിമകളില്‍ അഭിനയിച്ചു

സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
X

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മന്ത്രി സജി ചെറിയാന്‍

ജികെ പിള്ള സാറിന്റെ നിര്യാണത്തോടെ മലയാള സിനിമയിലെ ഏറ്റവും തലമുതിര്‍ന്ന നടന്മാരിലൊരാളെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ആറര പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 350 ലേറെ സിനിമകളിലും ഒട്ടനവധി സീരിയലുകളിലുമായി മറക്കാന്‍ പറ്റാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഗാംഭീര്യമാര്‍ന്ന വില്ലന്‍ വേഷങ്ങളും സ്‌നേഹനിധിയായ മുത്തശ്ശന്‍ വേഷങ്ങളും ഒരേപോലെ അദ്ദേഹം മികവുറ്റതാക്കി. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ജികെ പിള്ള സാറിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. കൂപ്പുകൈകളോടെ വിട. ആദരാഞ്ജലികള്‍

97 വയസ്സായിരുന്നു. 325ലധികം സിനിമകളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, നായര് പിടിച്ച പുലിവാല്‍, ആരോമലുണ്ണി, കാര്യസ്ഥന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി കേശവപിള്ള എന്ന ജികെ പിള്ളയുടെ ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തില്‍ ചേര്‍ന്നു. സൈനികനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് നടനാവാന്‍ താത്പര്യമുണ്ടായിരുന്നു.

15 വര്‍ഷം പട്ടാളത്തില്‍ സേവനം നടത്തിയാല്‍ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് സൈനിക ജീവിതത്തിന്റെ 13 ആം വര്‍ഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി. പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജികെ പിള്ളയെ സിനിമയിലെത്തിച്ചത്.

അല്‍ഫോന്‍സ് പുത്രന്‍ 1954ല്‍ സ്‌നേഹസീമ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്‍, കൂടപ്പിറപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്‌സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്‌സ്പ്രസ് തുടങ്ങിയ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് ആദ്യ കാലത്ത് ജികെ പിള്ള ശ്രദ്ധേയനായത്. അഭിനയ ജീവിതത്തില്‍ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ജികെ പിള്ള സിനിമയിലും സീരിയലുകളിലും സജീവമായി. 65 വര്‍ഷം അദ്ദേഹം അഭിനയ രംഗത്ത് തുടര്‍ന്നു.


Next Story

RELATED STORIES

Share it