Latest News

'ഇനിയും യുദ്ധം തുടർന്നാൽ ബന്ദികളായവർ മരിക്കാം '; ഇസ്രായേലിന് ഹമാസിൻ്റെ മുന്നറിയിപ്പ്

ഇനിയും യുദ്ധം തുടർന്നാൽ ബന്ദികളായവർ മരിക്കാം ; ഇസ്രായേലിന് ഹമാസിൻ്റെ മുന്നറിയിപ്പ്
X

ഗസ : ഇനിയും ഗസയിൽ യുദ്ധം തുടർന്നാൽ ഗസയിൽ ഇസ്രായേലിന്റെ ബന്ദികളാക്കപ്പെട്ടവർ മരിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഹമാസിന്റെ സായുധ വിഭാഗം.മരിച്ചതായി കരുതപ്പെടുന്നവർ ഉൾപ്പെടെയുള്ള 47 തടവുകാരുടെ ഫോട്ടോകളുള്ള ഒരു ചിത്രം അൽ-ഖസ്സാം ബ്രിഗേഡുകൾ അവരുടെ ടെലിഗ്രാം ചാനലിൽ പങ്കിട്ടു .

ഗസയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കിയിരുന്നു. ലോക രാജ്യങ്ങളെല്ലാം എതിർക്കുമ്പോഴും ഇസ്രായേൽ ഗസയിൽ ആക്രമണം കടുപ്പിക്കുകയാണ്.

സെപ്റ്റംബറിൽ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നഗരത്തിലെ വലിയൊരു ഭാഗം നശിപ്പിക്കപ്പെടുകയും ചെയ്തു.ശനിയാഴ്ച മാത്രം 61 പേരെങ്കിലും കൊല്ലപ്പെട്ടു. ഗസ സിറ്റി പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നതായി നെതന്യാഹുവിന്റെ സർക്കാർ പറയുന്നു.

ഈ ആക്രമണം ഏകദേശം 450,000 ഫലസ്തീനികളെ ഗസ നഗരത്തിൽ നിന്ന് പലായനം ചെയ്ത് തെക്കോട്ട് പോകാൻ നിർബന്ധിതരാക്കി, ഏകദേശം 900,000 പേർ ഇപ്പോഴും പ്രദേശത്തെ ഏറ്റവും വലിയ നഗരമായ ഗസയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഗസ സർക്കാർ പറയുന്നു.

2023 ഒക്ടോബർ 7 ന് പലസ്തീൻ പിടികൂടിയ 251 ബന്ദികളിൽ 50 ഓളം പേർ ഇപ്പോഴും ഗസയിൽ തടവിലാണെന്ന് ഇസ്രായേൽ പറയുന്നു, ഇതിൽ 20 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്.

അന്ന് ഹമാസും മറ്റ് ഗ്രൂപ്പുകളും പിടികൂടിയ തടവുകാരിൽ ഭൂരിഭാഗവും മോചിപ്പിക്കപ്പെടുകയോ ഇസ്രായേലിലെ ഫലസ്തീൻ തടവുകാരെ മാറ്റി പകരം നൽകുകയോ ചെയ്തു. അതേസമയം ചിലർ ഇസ്രായേലി ആക്രമണങ്ങളിലോ വെടിവയ്പ്പിലോ മരിച്ചു.

ഏകദേശം രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ശ്രമങ്ങൾ ഇസ്രായേലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം തടസ്സപ്പെട്ടു. ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക വ്യാഴാഴ്ച യുദ്ധം അവസാനിപ്പിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം ആറാം തവണയും വീറ്റോ ചെയ്തിരുന്നു .ഹമാസിനെ നിരായുധീകരിക്കുക, യുദ്ധാനന്തര ഗസയിൽ ഹമാസിൻ്റെ ഭരണം തടയുക എന്നിവയാണ് ഇസ്രായേൽ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ.

Next Story

RELATED STORIES

Share it