Latest News

'കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും'-ജാതി രാഷ്ട്രീയത്തിന്റെ ഇരയായി തീര്‍ന്ന ഗൗരിയമ്മ

തന്നെ മുഖ്യമന്ത്രി ആക്കാത്തതില്‍ അവസാനം നിമിഷം വരെ അവര്‍ ഇഎംഎസിനെതിരെയും നായനാര്‍ക്കെതിരേയും പ്രതിഷേധിച്ചിരുന്നു

കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും-ജാതി രാഷ്ട്രീയത്തിന്റെ ഇരയായി തീര്‍ന്ന ഗൗരിയമ്മ
X


തിരുവനന്തപുരം: 1987ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളമാകെ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു' കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി നയിച്ചീടും' എന്നത്. അക്കാലത്ത് കേരളത്തിലെ അടുത്ത മുഖ്യമന്ത്രി കെ ആര്‍ ഗൗരിയമ്മയാണ് എന്ന്് പരക്കെ സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലെ ആദ്യ ഈഴവ നിയമബിരുദധാരി പാര്‍ട്ടിക്ക് അയോഗ്യയായി. ഇഎംഎസ് നമ്പൂതിരിപ്പാടും ഇകെ നായനാരും ചേര്‍ന്ന് ഗൗരിയമ്മ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യയല്ല എന്ന് തീരുമാനിക്കുകായിരുന്നു. എന്നാല്‍ ഈ രണ്ട് പേരും ചേര്‍ന്ന് ഈഴവയായ, സ്ത്രീയായ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു എന്ന് പിന്നീട് അവര്‍ തുറന്നടിച്ചിട്ടുണ്ട്. 1987ലെ നിയമസഭാംഗം പോലുമല്ലാതിരുന്ന ഇകെ നായനാരെ മുഖ്യമന്ത്രിയായി ഇഎംഎസ് പ്രഖ്യാപിക്കുകയായിരുന്നു. സവര്‍ണ രാഷ്ട്രീയ മേധാവിത്വത്തിന്റെ ഇരയായിരുന്നു കളത്തില്‍ പറമ്പില്‍ ഗൗരിയമ്മ. തന്നെ മുഖ്യമന്ത്രി ആക്കാത്തതില്‍ അവസാനം നിമിഷം വരെ അവര്‍ ഇഎംഎസിനും നായനാര്‍ക്കും എതിരേ പ്രതിഷേധിച്ചിരുന്നു.

1948ലെ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പില്‍ 28 വയസ്സുമാത്രമുണ്ടായിരുന്ന ഗൗരിയമ്മ, 35 ശതമാനം വോട്ടോടെ ചേര്‍ത്തലയില്‍ കഴിവ് തെളിയിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ മറ്റാരും ജയിക്കാത്ത തിരഞ്ഞെടുപ്പിലായിരുന്നു ഗൗരിയമ്മയുടെ മുന്നേറ്റം. അന്ന് അക്രമം പ്രചരിപ്പിച്ചു എന്നാരോപിച്ച് അവരെ ജയിലിലടച്ചു. പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗം ചെയ്ത ഉജ്ജ്വല രാഷ്ട്രീയ നേതാവായിരുന്നു.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്നു കെആര്‍. അങ്ങനെ പിന്നീട് വന്ന നാലുമന്ത്രിസഭകളില്‍ അവര്‍ വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ആ നിലയില്‍ ഭരണ രംഗത്ത് ഏറെ കഴിവ് തെളിയിച്ച് രാഷ്ട്രീയ നേതാവായിരുന്നു അവര്‍. പ്രിയതമനോടുള്ള അടുപ്പത്തേക്കാള്‍ പാര്‍ട്ടിയാണ് തനിക്ക് വലുതെന്ന് ആവര്‍ത്തിച്ച പറഞ്ഞ് പാര്‍ട്ടിക്കൊപ്പം നിന്ന് ധീരയായ കമ്മ്യൂണിസ്റ്റായിരുന്നു അവര്‍. അത്രമേല്‍ ഇടതുപക്ഷവുമായി അടുത്ത് നിന്ന ഗൗരിയമ്മയെയാണ് ഇഎംഎസും നായനാരും ചേര്‍ന്ന് വെട്ടിനിരത്തിയത്. മുഖ്യമന്ത്രിയാകാന്‍ എന്തു അയോഗ്യതയായിരുന്നു ഗൗരിയമ്മക്കുണ്ടായിരുന്നത്. രണ്ട് അയോഗ്യതയായിരുന്നു-അവര്‍ക്കുണ്ടായിരുന്നത്, ഒന്ന് ഈഴവ സമുദായംഗം രണ്ട് ധീരയായി സ്ത്രീയും. അവര്‍ ഈഴവ-പിന്നാക്കസമുദായക്കാരിയായിരുന്നു എന്നതായിരുന്നു അവരെ മുഖ്യമന്ത്രി ആക്കുന്നതില്‍ നിന്ന് ഇഎംഎസിനെയും നായനാരെയും പിന്തിരിപ്പിച്ചത് എന്നാണ് കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാളും നിരീക്ഷിക്കുക.

കേരള രാഷ്ട്രീയത്തില്‍ ഗൗരിയമ്മയെ സ്ത്രീയായല്ല കണ്ടിട്ടുള്ളത്. ഏതൊരു പുരുഷനുമപ്പുറം കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളും നിലപാടുകളും വ്യക്തിത്വവും കാത്തു സൂക്ഷിച്ച രാഷ്ട്രീയ നേതാവായിരുന്നു അവര്‍. എന്നിട്ടും അവര്‍ പാര്‍ട്ടിക്ക് അനഭിമതയായി. 1977ലെ തിരഞ്ഞെടുപ്പില്‍ ഒഴികെ, രാഷ്ടീയത്തില്‍ അവര്‍ സജീവമായിരുന്ന എല്ലാ തിരഞ്ഞെടുപ്പിലും ഗൗരിയമ്മ വിജയിച്ചിരുന്നു. 1994ലെ അവരെ സിപിഎം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആ പടിയിറക്കവും അവരെ തളര്‍ത്തിയില്ല. ജനാധിപത്യ സംരക്ഷണ സമിതി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു നിയമസഭയിലെത്തി. പിന്നീട് വലതുപാളയത്തിലെത്തി രണ്ട് തവണ മന്ത്രിയുമായി. തനിക്ക് ജനപിന്തുണയില്‍ ഒട്ടും കുറവില്ലെന്ന് വീണ്ടും വീണ്ടും അവര്‍ തെളിയിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും ഒടുവില്‍ പഴയ പാര്‍ട്ടി തട്ടകത്തിലേക്ക് തന്നെ തിരികെയെത്തി.

Next Story

RELATED STORIES

Share it