Latest News

മുസ്‌ലിം യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊന്നു; ഏഴു പോലിസുകാര്‍ക്കെതിരേ കേസ്

മുസ്‌ലിം യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊന്നു; ഏഴു പോലിസുകാര്‍ക്കെതിരേ കേസ്
X

അഹമദാബാദ്: ഗുണ്ടാ നേതാവെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊന്ന ഏഴു പോലിസുകാര്‍ക്കെതിരെ കേസെടുത്തു. ഹനീഫ് ഖാന്‍ (45) എന്നയാളെയും മകനായ മദീന്‍ ഖാനെയും (14) വെടിവച്ചു കൊന്ന പോലിസുകാര്‍ക്കെതിരെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തത്. 'ഏറ്റുമുട്ടലില്‍' പങ്കെടുത്ത സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജേഷ് ഭായ്, കിരിത്ത് സോളങ്കി, കോണ്‍സ്റ്റബിള്‍മാരായ ശൈലേഷ്, ദ്വിഗ് വിജയ് സിങ്, പ്രഹ്ലാദ്, മനു എന്നിവര്‍ക്കെതിരെയാണ് ഐപിസിയിലെ 302, 114 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

സുരേന്ദ്ര നഗര്‍ ഡിവൈഎസ്പി ജെ ഡി പുരോഹിതിനാണ് അന്വേഷണ ചുമതല. കേസിലെ പരാതിക്കാരുടെയും പ്രതികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും കുറ്റകൃത്യം നടന്നെന്നു തോന്നിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.

2021ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഹനീഫ് ഖാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പോലിസ് പറഞ്ഞത്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് ചൂണ്ടിക്കാട്ടി ഹനീഫ് ഖാന്റെ 13 കാരിയായ മകള്‍ സുഹാന കോടതിയെ സമീപിക്കുകയായിരുന്നു.

ട്രാക്ടര്‍ പാടത്തേക്ക് കൊണ്ടുപോവാന്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ ഹനീഫ്ഖാനെ പോലിസ് പിടികൂടി കൊണ്ടുപോയി വെടിവച്ചു കൊന്നെന്ന് ഹരജിയില്‍ സുഹാന ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി മൊഴികളും ഉണ്ടായിരുന്നു. ഹനീഫ് ഖാനെ പിടിക്കുമ്പോള്‍ അത് തടഞ്ഞ ജനക്കൂട്ടത്തിനെതിരെ പോലിസ് മറ്റൊരു കേസും എടുത്തിരുന്നു. ഇതും കോടതി പരിശോധിച്ചു. എന്നാല്‍,ഹനീഫ് ഖാന്‍ തങ്ങളെ മൂന്നു റൗണ്ട് വെടി വച്ചെന്ന് പോലിസുകാര്‍ വാദിച്ചു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് 'ഏറ്റുമുട്ടലില്‍ ' പങ്കെടുത്ത സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജേഷ് ഭായ്, കിരിത്ത് സോളങ്കി, കോണ്‍സ്റ്റബിള്‍മാരായ ശൈലേഷ്,ദ്വിഗ് വിജയ് സിങ്, പ്രഹ്ലാദ് , മനു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. പോലീസ് ഉദ്യോഗസ്ഥയാകാനായിരുന്നു തന്റെ കുട്ടിക്കാലത്തെ ആഗ്രഹമെന്ന് സുഹാന മാധ്യമങ്ങളോട് പറഞ്ഞു. ''പക്ഷേ വ്യാജ ഏറ്റുമുട്ടലിനുശേഷം, ഞാന്‍ പോലീസുകാരെ വെറുക്കാന്‍ തുടങ്ങി... അവര്‍ ക്രൂരരാണ്. പോലീസ് പീഡനത്തിന് ഇരയാകുന്ന നിരപരാധികളായ ആളുകള്‍ക്കുവേണ്ടി പോരാടാന്‍ അഭിഭാഷകയാവാന്‍ ഞാന്‍ തീരുമാനിച്ചു.''-സുഹാന പറഞ്ഞു.

Next Story

RELATED STORIES

Share it