Latest News

'സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിപക്ഷത്തേക്ക് പോകുന്നത് ചരിത്രത്തിലാദ്യം': ബിജെപിയെ പ്രകീര്‍ത്തിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രി ഷിന്‍ഡെ

സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിപക്ഷത്തേക്ക് പോകുന്നത് ചരിത്രത്തിലാദ്യം: ബിജെപിയെ പ്രകീര്‍ത്തിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രി ഷിന്‍ഡെ
X

മുംബൈ: സ്പീക്കര്‍ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ അനായാസം വിജയിച്ചശേഷം നടന്ന നിയമസഭാപ്രസംഗത്തില്‍ ബിജെപിയെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. വെറും അമ്പത് പേര്‍മാത്രം കൂടെയുളള തനിക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇതുവരെ, ആളുകള്‍ പ്രതിപക്ഷത്ത് നിന്ന് ഏതാനും പേര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് മാറുന്നത് നാം കണ്ടു, എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ പക്ഷത്തുനിന്ന് നേതാക്കള്‍ പ്രതിപക്ഷത്തേക്കാണ് പോയത്,' വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തിയ നീക്കത്തെക്കുറിച്ചും ഷിന്‍ഡെ പറഞ്ഞു.

'മന്ത്രിമാരുള്‍പ്പെടെ നിരവധി എംഎല്‍എമാര്‍ സര്‍ക്കാര്‍ വിട്ടുപോയത് ഒരു സാധാരണ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന് ഷിന്‍ഡെ പറഞ്ഞു. 'ബാലാസാഹെബ് താക്കറെയുടെയും ആനന്ദ് ദിഗെയുടെയും ആശയങ്ങളോട് അര്‍പ്പണബോധമുള്ള എന്നെപ്പോലുള്ള ഒരു സാധാരണ തൊഴിലാളിക്ക് ഇത് വലിയ കാര്യമായിരുന്നു,'

നിരവധി വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ടതായി ഉദ്ദവ് പറഞ്ഞതിനെ ഷിന്‍ഡെ പരിഹസിച്ചു. 'ചിലര്‍ പറഞ്ഞു, ഞങ്ങള്‍ ചില എംഎല്‍എമാരുമായി ബന്ധപ്പെട്ടിരിക്കുന്നു, ചിലപ്പോള്‍ ഇത് 5 എംഎല്‍എമാരായിരുന്നു, പിന്നെ 10, 20, 25 എന്നിങ്ങനെ. ഞാന്‍ അവരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടു. ധാരണയോ പ്രതീക്ഷയോ എന്തായാലും അത് തെറ്റായിരുന്നു,' ഷിന്‍ഡെ പറഞ്ഞു.

'ബിജെപിക്ക് 115 എംഎല്‍എമാരുണ്ട്, എനിക്ക് 50 പേരുണ്ട്. എന്നിട്ടും ബിജെപി വലിയ മനസ്സ് കാണിക്കുകയും എനിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ജെ പി നദ്ദയ്ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തനിക്ക് പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

'ഇപ്പോള്‍ ബാലാസാഹെബ് താക്കറെയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി-ശിവസേന സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു. ഒരു ബാലാസാഹെബിന്റെ അനുയായി മുഖ്യമന്ത്രിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഏകനാഥ് ഷിന്‍ഡെ നേരിട്ട ആദ്യ വെല്ലുവിളിയായിരുന്നു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. 288 അംഗ സഭയില്‍ 164 വോട്ടുകള്‍ നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായത്.

നര്‍വേക്കറിനെതിരെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മത്സരിച്ച രാജന്‍ സാല്‍വിക്ക് 106 വോട്ടുകള്‍ ലഭിച്ചു. സമാജ്‌വാദി പാര്‍ട്ടിയും എഐഎംഐഎമ്മും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന-ബിജെപി സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ രാഹുല്‍ നര്‍വേക്കറെ അഭിനന്ദിച്ചു, 'നിങ്ങള്‍ കഠിനാധ്വാനിയാണ്. നിങ്ങള്‍ക്ക് ഒന്നിലധികം ഭാഷകളും അറിയാം. നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'.- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it