Latest News

മല്‍സ്യ തൊഴിലാളി ഓര്‍ഡിനന്‍സ് രാജഭരണകാലത്തെ ചുങ്കപ്പിരിവിനെ കടത്തിവെട്ടുന്ന നിയമം: എം കെ രാഘവന്‍ എംപി

പ്രളയകാലത്ത് 'കേരളത്തിന്റെ സേന'യെന്നും കാവല്‍ക്കാരെന്നും മുഖ്യമന്ത്രി തന്നെ വാഴ്ത്തിയ മത്സ്യത്തൊഴിലാളികളോട് കണ്ണില്‍ചോരയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ കാണിക്കുന്നത്.

മല്‍സ്യ തൊഴിലാളി ഓര്‍ഡിനന്‍സ് രാജഭരണകാലത്തെ ചുങ്കപ്പിരിവിനെ കടത്തിവെട്ടുന്ന നിയമം: എം കെ രാഘവന്‍ എംപി
X

കോഴിക്കോട്: മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് കഴിയുന്ന പത്ത് ലക്ഷത്തോളം വരുന്ന കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ ജീവിതത്തിനേറ്റ പ്രഹരമാണ് മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് എന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് 'കേരളത്തിന്റെ സേന'യെന്നും കാവല്‍ക്കാരെന്നും മുഖ്യമന്ത്രി തന്നെ വാഴ്ത്തിയ മത്സ്യത്തൊഴിലാളികളോട് കണ്ണില്‍ചോരയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ കാണിക്കുന്നത്.

കൊവിഡ് വ്യാപനത്താല്‍ സ്തംഭിച്ചിരിക്കുന്ന മത്സ്യ ബന്ധന മേഖല വീണ്ടും അതിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമ്പോഴാണ് കൂടുതല്‍ പ്രഹരമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്. നിലവിലുള്ള സമ്പ്രദായങ്ങള്‍ക്ക് വിപരീതമായി, മത്സ്യബന്ധനം നടത്തിയവര്‍ സര്‍ക്കാര്‍ സംവിധാന പ്രകാരം ഒരുക്കിയിരിക്കുന്ന നിശ്ചിത ലേല സ്ഥലത്ത് മാത്രമേ ലേലം നടത്താവൂ, പ്രത്യേക ലൈസെന്‍സ് ഉള്ളവര്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാവൂ എന്നിങ്ങനെയുള്ള നിയമാവലികളും ലേലവിഹിതമയി അഞ്ച് ശതമാനം തുക സര്‍ക്കാരിലേക്ക് നല്‍കണമെന്നുമുള്ള തീരുമാനവും തൊഴിലാളികളുടെ പിച്ചചട്ടിയില്‍ കൈയിടുന്നതിന് തുല്യമാണ്. ഈ തീരുമാനം ചെറു യാനങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവരെയാണ് കൂടുതല്‍ ബാധിക്കുക. ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രാധാന്യമുള്ള മത്സ്യലഭ്യത പോലും കണക്കിലെടുക്കാതെ, അതില്‍ നിന്ന് വിഹിതം കമ്മീഷനായി എടുക്കുന്നത് അവരെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടും.

പിടിപ്പുകേടുകൊണ്ടും വീഴ്ചകള്‍ കൊണ്ടുമുണ്ടായ സാമ്പത്തിക മാന്ദ്യം മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് പണമുണ്ടാക്കാന്‍ മത്സ്യബന്ധന മേഖലയെ ഉപജീവനമാക്കിയ പാവപ്പെട്ടവരെ പിഴിയുന്നത് ശരിയായ പ്രവണതയല്ല. പഴയകാല ചുങ്കപ്പിരിവിനെ കടത്തിവെട്ടുന്ന തീരുമാനങ്ങളാണ് ഒരോ മേഖലയിലും അനുദിനം ഏര്‍പ്പെടുത്തുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും എം പി പറഞ്ഞു.

Next Story

RELATED STORIES

Share it