Latest News

ബ്ലാങ്ക് ചെക്ക് പോലെ ഒരു എഫ്‌ഐആര്‍: വിദ്യാര്‍ത്ഥികളെയും സാമൂഹ്യപ്രവര്‍ത്തകരെയും കുടുക്കാന്‍ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ 59 ഉപയോഗിച്ച വിധം

ബ്ലാങ്ക് ചെക്ക് പോലെ ഒരു എഫ്‌ഐആര്‍: വിദ്യാര്‍ത്ഥികളെയും സാമൂഹ്യപ്രവര്‍ത്തകരെയും കുടുക്കാന്‍ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ 59 ഉപയോഗിച്ച വിധം
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലിസിന്റെ ജാധിപത്യവിരുദ്ധതയുടെയും വംശീയതയുടെയും കുടിപ്പകയുടെയും ഉത്തമ ഉദാഹരണമാണ് ഡല്‍ഹി സംഘര്‍ഷങ്ങളോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ 59. ജാമ്യം ലഭിക്കാവുന്ന നാല് സെക്ഷനുകളില്‍ തുടങ്ങി ജാമ്യം ലഭിക്കാത്ത കൊടുംകുറ്റങ്ങളിലേക്ക് പടര്‍ന്നുകയറിയ വിചിത്രമായ എഫ്‌ഐആര്‍ ആണിത്. നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഏറ്റവും ശക്തരായ വിമര്‍ശകരെയും ആക്റ്റിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും അത് നിയമത്തിന്റെ കോര്‍മ്പയിലേക്ക് കോര്‍ത്തുകൊണ്ടിരിക്കുകയാണ്. എഫ്‌ഐആര്‍ 59 നെ ഒരു പത്രം വിശേഷിപ്പിച്ചത് ബ്ലാങ്ക് ചെക്കെന്നാണ്, എന്തും എഴുതിച്ചേര്‍ക്കാവുന്ന ബ്ലാങ്ക്‌ചെക്ക്.

ഡല്‍ഹിയിലെ വംശീയ ആക്രമണങ്ങള്‍ കഴിഞ്ഞ് പത്ത് ദിവസത്തിനു ശേഷം മാര്‍ച്ച് 6നാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിലെ നര്‍ക്കോട്ടിക് സെല്ലിലെ സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാര്‍ 59/200 എന്നറിയപ്പെടുന്ന എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി സംഘര്‍ഷങ്ങളില്‍ ചാര്‍ജ് ചെയ്ത 750ഓളം കേസുകളില്‍ ഒന്നുമാത്രമായിരുന്നു ഇതെങ്കില്‍ പതുക്കെപ്പതുക്കെ ഇത് വളര്‍ന്ന് ആക്റ്റിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും കുരുക്കുന്ന കരാളരൂപം പ്രാപിച്ചു. നിരവധി വിദ്യാര്‍ത്ഥികളെയും ആക്റ്റിവിസ്റ്റുകളെയും ജയിലിലേക്കും അവസാനിക്കാത്ത കോടതി നടപടികളിലേക്കും തള്ളിവിട്ടു.

സഫൂറ സര്‍ഗാര്‍

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രകോപനപരമായി സംസാരിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ചാര്‍ജ് ചെയതതെന്ന് എഫ്‌ഐആര്‍ പറയുന്നു. അവര്‍ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചുവെന്നും പറയുന്നുണ്ട്.

കേസെടുത്ത് മൂന്നു മാസത്തിനുള്ളില്‍ അതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കലാപം നടത്തിയതിനും ആയുധം കൈയില്‍ വച്ചതിനുമാണ് കേസെടുത്തതെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ കേസില്‍ 14 പേരെ ഉള്‍പ്പെടുത്തി. വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, ഗവേഷണ വിദ്യാര്‍ത്ഥിയായ മീരാന്‍ ഹൈദര്‍, എംബിഎ ബിരുദധാരിയായ ഗുല്‍ഫിഷ ഫാത്തിമ കൂടാതെ മറ്റ് മൂന്ന് വിദ്യര്‍ത്ഥികളും. ഈ ഘട്ടത്തില്‍ നേരത്തെ ചുമത്തിയ നാല് സെക്ഷനുകള്‍ക്കു പുറമെ കൊലപാതകം, രാജ്യദ്രോഹം, ഭീകരത തുടങ്ങിയവ കൂടി ചേര്‍ത്തു. നിലവില്‍ എഫ്‌ഐആര്‍ 59ല്‍ യുഎപിഎ വകുപ്പും ഉള്‍പ്പെടുന്നു. ഈ കേസിലെ പലരെയും മറ്റ് കേസുകളില്‍ അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച അന്നുതന്നെയാണ് അറസ്റ്റ് ചെയ്തതെന്ന 'തമാശ'യും നമുക്കിതില്‍ കാണാം.

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാറിനെ ഡല്‍ഹിയിലെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കിയ അന്നുതന്നെ ഈ കേസില്‍ പോലിസ് പ്രതിചേര്‍ത്തത്. അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗര്‍ഭിണിയാണെന്നും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിട്ടും പോലിസും കോടതിയും കനിഞ്ഞില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ ഇസ്രത് ജഹാനാണ് മറ്റൊരാള്‍. ഫെബ്രുവരി 26 ന് മറ്റൊരു കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ഇസ്രത്തിന് മാര്‍ച്ച് 21നാണ് ജാമ്യം ലഭിച്ചത്. അന്നുതന്നെ പോലിസ് അവരെ എഫ്‌ഐആര്‍ 59ല്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഡല്‍ഹി സംഘപരിവാര്‍ ആക്രമണം

മുഹമ്മദ് ഡാനിഷ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് പര്‍വേസ് അഹമ്മദ് തുടങ്ങി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്നു പ്രവര്‍ത്തകരാണ് ഈ കേസില്‍ ആദ്യം അറസ്റ്റിലായത്. ആ സമയത്ത് കലാപം, ആയുധം കയ്യില്‍ വയ്ക്കല്‍, അനധികൃതമായി കൂട്ടം ചേരല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഉള്‍പ്പെട്ടിരുന്നത്. എല്ലാ വകുപ്പുകളും ജാമ്യം ലഭിക്കാവുന്നതാണ്. എന്നാല്‍ ഇവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. മുഹമ്മദ് താഹിര്‍ പറയുന്നത് ഇവരുടെ കേസ് കൈകാര്യം ചെയ്ത രീതി തികച്ചും നിയമവിരുദ്ധമാണെന്നാണ്. എല്ലാ വകുപ്പുകളും ജാമ്യം ലഭിക്കാവുന്നതായിട്ടും ഇവര്‍ക്ക് ജാമ്യം നിഷേധിക്കണമെന്ന് പോലിസ് വാദിച്ചു. ഡാനിഷ് അഞ്ച് ദിവസവും ഇല്യാസ്, അഹമ്മദ് എന്നിവര്‍ ഓരോ ദിവസം വീതവും ജയിലില്‍ കിടന്നു. റിമാന്‍ഡ് അപേക്ഷയുടെ കോപ്പി പോലും പ്രതിഭാഗം അഭിഭാഷകന് നല്‍കിയില്ല.

കേസ് കേട്ട മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രഭ ദീപ് കൗര്‍ എല്ലാവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനോടൊപ്പം ജാമ്യം നിഷേധിക്കാന്‍ ആവശ്യപ്പെട്ടതിന് കാരണം കാണിക്കാന്‍ അന്വേഷണോദ്യോഗസ്ഥന് സമയം നല്‍കി. മറുപടി ഇതുവരെ നല്‍കിയിട്ടില്ല.

അതിനിടയില്‍ നാല് സെക്ഷനുകള്‍ മാത്രമുണ്ടായിരുന്ന കേസില്‍ സെക്ഷനുകളുടെ എണ്ണം 18ആയി ഉയര്‍ന്നു. കൊലപാതകം, കൊലപാതകശ്രമം, രാജ്യദ്രോഹം... യുഎപിഎയിലെ നാല് വകുപ്പുകളും പൊതുസ്വത്ത് നശിപ്പിച്ചതിന് നാലെണ്ണവും ആയുധനിയമത്തിലെ രണ്ട് വകുപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഭാഗ്യവശാല്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും നിരവധി പേര്‍ ഈ കേസില്‍ തടവറയില്‍ കഴിയുകയാണ്.

ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ കണക്കെടുത്താന്‍ അത് അതീവ വിചിത്രമാണ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍, ആംആദ്മി കൗണ്‍സിലര്‍, ജാമിഅ മില്ലിയ ഇസ്‌ലാമിയ അലുമിനി പ്രസിഡന്റ്, മുന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൗണ്‍സിലര്‍, സാമൂഹികപ്രവര്‍ത്തകര്‍, ആറ് വിദ്യാര്‍ത്ഥികള്‍, ഒരു എംബിഎ ബിരുദധാരി. കൂടാതെ ചൂല് ഉണ്ടാക്കി വില്‍ക്കുന്ന ഒരു സാധാരണ മനുഷ്യന്‍.

ഇതില്‍ ഇസ്രത് ജഹാന്‍ ഒരു അഭിഭാഷക കൂടിയാണ്. ഖാലിദ് സെയ്ഫ് ഒരു കച്ചവടക്കാരനും യുണൈറ്റഡ് എഗയ്ന്‍സ്റ്റ് ഹേയ്റ്റിന്റെ പ്രവര്‍ത്തകനും രണ്ട് പേര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുമാണ്. മാര്‍ച്ച് 21നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ രണ്ട് പേരും നേരത്തെത്തന്നെ ഡല്‍ഹി പോലിസ് എടുത്ത മറ്റൊരു കേസില്‍ ഫെബ്രുവരി 26 മുതല്‍ ജയിലിലായിരുന്നു.

ആര്‍ജെഡി വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതാവായ മീരാന്‍ ഹൈദര്‍ എന്ന ജാമിഅയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ ഏപ്രില്‍ ഒന്നിനാണ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലിസിന്റെ വാദം ശരിവച്ച് കോടതി ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. അറസ്റ്റ് ചെയ്തതിനു ശേഷമാണ് ഈ കേസില്‍ പോലിസ് കടുത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്.

എംബിഎ വിദ്യാര്‍ത്ഥിയായ ഗുല്‍ഫിഷ ഫാത്തിമയുടെ കേസും വ്യത്യസ്തമല്ല, ആദ്യം ഇവര്‍ 48ാം എഫ്‌ഐആറിലാണ് ഉള്‍പ്പെട്ടിരുന്നത്. മെയ് 13ന് ജാമ്യം ലഭിച്ച അന്നുതന്നെ 59ാം എഫ്‌ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഫാത്തിമ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നാണ് അവരുടെ അഭിഭാഷകന്‍ മെഹ്മൂദ് പ്രാച പറയുന്നത്. ഈ കേസില്‍ പോലിസ് ഒരു കാറ്റ് ആന്റ് മൗസ് ഗെയിമാണ് നടത്തിയത്. പല കേസുകളും അവ്യക്തമായിരുന്നു. പ്രതികള്‍ക്ക് പല അപേക്ഷകളുടെയും കോപ്പി പോലും നല്‍കിയില്ല.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരേ നടന്ന സമരത്തിനെ നേരിടാനാണ് ഹിന്ദുത്വ സംഘടനകള്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ടത്. പോലിസ് കണക്കനുസരിച്ച് അക്രമത്തില്‍ അമ്പത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത വീടുകളും കടകളും ഭൂരിഭാഗവും മുസ്‌ലിംകളുടേതാണെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞത് 14 പള്ളികള്‍ നശിക്കുകയോ കത്തിക്കുകയോ ചെയ്തു. ഒരു ക്ഷേത്രത്തിനും സമാനമായ വിധി ഉണ്ടായിട്ടില്ല. എങ്കിലും പോലിസ് അറസ്റ്റ് ചെയ്തവരില്‍ വലിയൊരു ഭാഗം മുസ്‌ലിംകളായിരുന്നു. ജൂണ്‍ 7ന് 620 ഹിന്ദുക്കളും 683 മുസ്‌ലിംകളും ഉള്‍പ്പെടെ 1,400 പേരെ അറസ്റ്റ് ചെയ്തതായും 205 ഹിന്ദുക്കളും അത്രയും തന്നെ മുസ്‌ലിംകളും ഉള്‍പ്പെടെ 510 പേര്‍ക്കെതിരെ കേസെടുത്തതായും ദില്ലി പോലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it