Latest News

കര്‍ഷക സമരം: ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ

കര്‍ഷക സമരം: ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ
X

ന്യൂഡല്‍ഹി: കര്‍ഷകരുടെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഭാരത് ബന്ദിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നതായി ഡല്‍ഹി മന്ത്രി ഗോപാല്‍ റായി. ഭാരത് ബന്ദിന് പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിഭാരവാഹികളും പിന്തുണ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളും പറഞ്ഞു.

നമ്മുടേത് ഒരു കാര്‍ഷിക രാജ്യമാണെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചുള്ള സമരത്തോട് പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പിന്തുണ പ്രഖ്യാപിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

'ബിജെപി കൊണ്ടുവന്ന നിയമത്തിനെതിരേ കര്‍ഷകര്‍ ഏതാനും ദിവസങ്ങളായി സമരത്തിലാണ്. അവര്‍ തെരുവില്‍ തണുപ്പിലാണ് ഉറങ്ങുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയുടെ പേരില്‍ സമരം നീട്ടിക്കൊണ്ടുപോവുകയാണ്'- ഗോപാല്‍ റായി ട്വീറ്റ് ചെയ്തു. 'കര്‍ഷകര്‍ നിയമം പിന്‍വലിക്കാന്‍ പറയുമ്പോള്‍ സര്‍ക്കാര്‍ ബില്ലിന്റെ ഗുണങ്ങളെ കുറിച്ച് പറയുകയാണ്. കര്‍ഷകര്‍ വിളവെടുക്കുന്നവരാണ്. അവര്‍ക്കറിയാം ഏതാണ് നല്ലതെന്നും മോശമെന്നും- റായിയുടെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

ആം ആദ്മി പാര്‍ട്ടിക്കു പുറമെ കോണ്‍ഗ്രസ്സും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

കേന്ദ്രം പാസ്സാക്കിയ മൂന്ന് ബില്ലിനെതിരേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തിലാണ്. പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെയും അനുരജ്ഞനത്തിലെത്താന്‍ കഴിഞ്ഞില്ല.

നിയമത്തില്‍ ചില ഭേദഗതികളാകാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ബില്ല് പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏറ്റവും അവസാനം ഇന്നലെ നടന്ന ചര്‍ച്ചയും പരാജയമായിരുന്നു. ഡിസംബര്‍ 9നാണ് അടുത്ത ചര്‍ച്ച.

Next Story

RELATED STORIES

Share it