Latest News

ഭൂരേഖ ലഭിച്ചില്ല: പഞ്ചായത്ത് ഓഫിസില്‍ വെള്ളയൂര്‍ നാലു സെന്റു കോളനിയിലെ കുടുംബങ്ങളുടെ പ്രതിഷേധം

ഭൂരേഖ ലഭിച്ചില്ല: പഞ്ചായത്ത് ഓഫിസില്‍ വെള്ളയൂര്‍ നാലു സെന്റു കോളനിയിലെ കുടുംബങ്ങളുടെ പ്രതിഷേധം
X

കാളികാവ്: വെള്ളയൂര്‍ നാലു സെന്റു കോളനിയിലെ ഭൂരേഖ ലഭിക്കാത്ത കുടുംബങ്ങള്‍ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തി. ലൈഫ് ഭവന പദ്ധതിയില്‍ പഞ്ചായത്തുമായി കരാര്‍ ഒപ്പുവയ്‌ക്കേണ്ട അവസാന ദിവസമായിരുന്നു ജൂണ്‍ 30. ഭൂരേഖ ലഭിക്കാത്തതിനാല്‍ കരാര്‍ വെക്കാന്‍ കഴിയാത്ത കുടുംബങ്ങളാണ് പഞ്ചായത്തിലെത്തിയത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടില്ല എന്ന ഉറപ്പ് കിട്ടണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലൈഫ് ഭവന പദ്ധതിയുടെ ഉപഭോക്താക്കള്‍ പഞ്ചായത്തുമായി കരാര്‍ വെക്കേണ്ട അവസാന തിയ്യതി ഇന്നാണെങ്കിലും അത് നീട്ടിയതായി ഇതുവരെ ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. അടിയന്തിരമായി ബോര്‍ഡ് യോഗം ചേര്‍ന്ന് ലിസ്റ്റിലുള്‍പ്പെട്ട ഒരാള്‍ക്കും വീട് നഷ്ടമാകാതിരിക്കാനുള്ള തുടര്‍ നടപടികള്‍ ഉടനെയുണ്ടാകുമെന്നും പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സി ടി അസ്മാബി പറഞ്ഞു.

ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂരേഖ ലഭിക്കുന്ന മുറക്കേ ലൈഫ് പദ്ധതിയില്‍ കരാര്‍വച്ച് വീട് ലഭ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന് വിഇഒ നൗഫലും പറഞ്ഞു. ഈ വിശദീകരണത്തോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. മുന്‍ പ്രസിഡന്റ് എന്‍ സൈദാലി, എല്‍ഡിഎഫ് മെമ്പര്‍മാരായ പി ചാത്തുക്കുട്ടി, പി അബ്ദുല്‍ നാസര്‍, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗുണഭോക്താക്കള്‍ പഞ്ചായത്തിലെത്തിയത്.

Next Story

RELATED STORIES

Share it