Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ജാമ്യാപേക്ഷ ഈ മാസം 18-ലേക്ക് വിധിപറയാനായി മാറ്റി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം
X



കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന പി വി അന്‍വ്വര്‍ എം.എല്‍.എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ നാല് ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം കൂടി ചുമത്തി. വെള്ളയില്‍ പോലിസെടുത്ത കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസൂഫ്, നീലി ആര്‍ നായര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.ബാല നീതി നിയമം 83 (2) പ്രകാരം നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്ക് കുട്ടികളെ ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് പോലിസ് ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജ് (പോക്‌സോ) കെ പ്രിയ മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ജാമ്യാപേക്ഷ ഈ മാസം 18-ലേക്ക് വിധിപറയാനായി മാറ്റി.പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു. വ്യക്തിവിരോധം കാരണം പി വി അന്‍വര്‍ എം.എല്‍.എ പരാതി നല്‍കിയതാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗത്തിനായി ഹാജറായ അഡ്വ. പി.വി ഹരി വാദിച്ചു. എന്നാല്‍, കുട്ടികളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നും അതിനാല്‍ ജാമ്യമനുവദിക്കരുതെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ. സുനില്‍ കുമാര്‍ വാദിച്ചു.

2022 നവംബര്‍ പത്തിന് ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ 14 കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് കാണിച്ചാണ് പി.വി അന്‍വ്വര്‍ എം.എല്‍.എ പരാതി നല്‍കിയത്. സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുംവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നി വകുപ്പുകള്‍ പ്രകാരമാണ് പോലിസ് ആദ്യം കേസെടുത്തത്. ഇതിന് പുറമെയാണ് അന്‍വര്‍ എം.എല്‍.എയുടെ പരാതിയിലെ കേസ്.





Next Story

RELATED STORIES

Share it