Latest News

പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ നിബന്ധനകളോടെ അനുമതി

തൊഴിൽപരവും മാനുഷികവുമായ മുൻഗണനാക്രമങ്ങൾ പാലിച്ചാണ് മടങ്ങി വരുന്നതിനുള്ള ‌അനുമതി നൽകുക. ഖത്തർ പോർട്ടൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മടങ്ങിവരുന്നതിനുള്ള പെർമിറ്റ് നേടിയ ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്

പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ നിബന്ധനകളോടെ അനുമതി
X

ദോഹ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് നിബന്ധനകൾക്ക് വിധേയമായി ആഗസ്ത് ഒന്നു മുതൽ ഖത്തറിലേക്ക് മടങ്ങി വരാമെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഓഫീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപോർട്ട് ചെയ്തു. വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.

കൊറോണ നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായാണ് ആഗസ്ത് ഒന്നുമുതൽ ഖത്തറിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവ് അനുവദിക്കുന്നത്. ക്വാറന്റൈൻ വ്യവസ്ഥകളിലും കാര്യമായ ഇളവുകളുണ്ട്. ഖത്തറിലേയും ലോകാടിസ്ഥാനത്തിലേയും ആരോഗ്യ സ്ഥിതിഗതികൾ വിശകലനം ചെയ്താണ് ഇളവുകളോടെ തിരിച്ചുവരവിന് അനുമതി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി

റിസ്‌ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നും വരുന്നവർ ദോഹ എയർപോർട്ടിൽ കൊറോണ വൈറസ് ടെസ്റ്റിന് വിധേയമാകണം. ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിയാമെന്ന് രേഖാമൂലം എഴുതി ഒപ്പിട്ട് നൽകണം. ഇതിനായി പ്രത്യേക ഫോം തയ്യാറാക്കിയിട്ടുണ്ട്. ഇഹ്തിറാസ് ആപ്പിൽ സ്റ്റാറ്റസ് ക്വാറന്റൈൻ എന്ന അർഥത്തിൽ മഞ്ഞയായിരിക്കും. എന്നാൽ കൊവിഡ് 19 പരിശോധനക്കുള്ള അംഗീകൃത സെന്ററുകളുള്ള റിസ്‌ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നും വരുന്നവർ യാത്രയുടെ 48 മണിക്കൂർ വൈകാതെ കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഹമദ് വിമാനതാവളത്തിലെ കൊവിഡ് പരിശോധനയിൽ നിന്നും ഒഴിവാക്കും.

ഒരാഴ്ച കഴിഞ്ഞ് മന്ത്രാലയത്തിന്റെ നിർണിത കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്നും വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. ഇതോടെ ഇഹ്തിറാസ് ആപ്പിൽ സ്റ്റാറ്റസ് പച്ചയാകും. ഫലം പോസിറ്റീവാണെങ്കിൽ ഗവൺമെന്റ് ഐസൊലേഷനിലേക്ക് മാറ്റും.

റിസ്‌ക് കൂടിയ രാജ്യങ്ങളിൽ നിന്നു വരുന്നവർ യാത്രയുടെ 48 മണിക്കൂറിനുള്ളിൽ അംഗീകൃത കൊവിഡ് 19 പരിശോധന കേന്ദ്രത്തിൽ നിന്നും പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജറാക്കണം. ഖത്തറിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഹോം കോറന്റൈൻ പൂർത്തിയാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിൽ പരിശോധനക്ക് ഹാജരാകണം.

കൊവിഡ് 19 പരിശോധനക്കുള്ള അംഗീകൃത കേന്ദ്രങ്ങളില്ലാത്ത റിസ്‌ക് കൂടിയ രാജ്യങ്ങളിൽ നിന്നും വരുന്നവർ സ്വന്തം ചിലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം. ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റ് മുഖേന താമസം ബുക്ക് ചെയ്താണ് വരേണ്ടത്. ഒരാഴ്ച കഴിഞ്ഞ് മന്ത്രാലയത്തിന്റെ നിർണിത കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്നും പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കിൽ ഹോട്ടൽ ക്വാറന്റൈൻ അവസാനിപ്പിക്കുകയും ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയും വേണം. ഈ സമയത്തൊക്കെ ഇഹ്തിറാസ് ആപ്പിൽ സ്റ്റാറ്റസ് മഞ്ഞയാകും . വീട്ടിലെ ഒരാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കുന്നതോടെ ഇഹ്തിറാസ് ആപ്പിൽ സ്റ്റാറ്റസ് പച്ചയാകും. പരിശോധന ഫലം പോസിറ്റീവാണെങ്കിൽ ഗവൺമെന്റ് ഐസൊലേഷനിലേക്ക് മാറ്റും.

റിസ്‌ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും സിവിൽ ഏവിയേഷൻ അതോരിറ്റി പ്രഖ്യാപിക്കുകയും ചെയ്യും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്ഥിതിഗതികൾ വിലയയിരുത്തി പട്ടിക പരിഷ്‌ക്കരിക്കും.

ഖത്തരീ പൗരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവർക്കും സ്ഥിരം താമസ രേഖയുള്ളവർക്കും യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ സ്റ്റാറ്റസും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് എപ്പോൾ വേണമെങ്കിലും ഖത്തറിൽ നിന്ന് പോകാനും ഖത്തറിലേക്ക് വരുവാനും അനുവാദമുണ്ട്.

ഖത്തർ ഗവൺമെന്റ് ചെലവിൽ വിദേശത്ത് ചികിൽസയിലുളളവർ, അവരെ അനുഗമിക്കുന്നവർ, ജോലിക്ക് നിശ്ചയിക്കപ്പെടുന്ന ജീവനക്കാർ എന്നിവരെ ഹോട്ടൽ ചിലവുകളിൽ നിന്നും ഒഴിവാക്കും. അവരുടെ ചിലവുകൾ ബന്ധപ്പെട്ട വകുപ്പുകൾ വഹിക്കും.

ഗാർഹിക തൊഴിലാളികൾ, ബ്ലൂ കോളർ ജോലിക്കാർ എന്നിവരുടെ ക്വാറന്ററൈൻ ചിലവുകൾ തൊഴിലുടമയാണ് വഹിക്കുക.

തൊഴിൽപരവും മാനുഷികവുമായ മുൻഗണനാക്രമങ്ങൾ പാലിച്ചാണ് മടങ്ങിവരുവാൻ അനുമതി നൽകുക. ഖത്തർ പോർട്ടൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മടങ്ങിവരുന്നതിനുള്ള പെർമിറ്റ് നേടിയ ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

റിട്ടേൺ പെർമിറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 സൈറ്റ് സന്ദർശിക്കുകയോ 109 എന്ന ഹോട്ട് ലൈനിൽ ഗവൺമെന്റ് കോൺടാക്ട് സെന്ററുമായി ബന്ധപ്പെടുകയോ വേണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചു.

മാൾട്ട, ഫിൻ‌ലാൻ‌ഡ്, ഹംഗറി, എസ്റ്റോണിയ, നോർ‌വെ, ലിത്വാനിയ, ലാത്വിയ, സൈപ്രസ്, അയർ‌ലൻഡ്, ഗ്രീസ്, ഇറ്റലി, സ്ലൊവാക്യ, ഡെൻ‌മാർക്ക്, നെതർ‌ലാൻ‌ഡ്, ജർമ്മനി, പോളണ്ട്, ഫ്രാൻസ്, സ്ലൊവേനിയ, ബെൽജിയം, യുണൈറ്റഡ് കിംഗ്ഡം, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് , ഐസ്‌ലാന്റ്, സ്‌പെയിൻ, ക്രൊയേഷ്യ, അൻഡോറ, ബ്രൂണൈ ദാറുസ്സലാം, വിയറ്റ്നാം, ചൈന, തായ്ലൻഡ്, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, തുർക്കി തുടങ്ങിയവയാണ് റിസ്ക് കുറഞ്ഞ രാജ്യങ്ങൾ.

റിസ്‌ക് കുറഞ്ഞതും റിസ്‌ക് കൂടിയതുമായ ഏത് രാജ്യത്തുനിന്നുവരുന്നവരായാലും താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 55 വയസ്സിന് മീതെ പ്രായമുള്ളവർ, അവയവം മാറ്റിവെക്കൽ ചികിൽസക്ക് വിധേയമായവർ, ഇമ്മ്യൂണോ സപ്രസീസ് തെറാപ്പി സ്വീകരിക്കുന്നവർ, ഹൃദ്രോഗം, ആസ്തമ, കാൻസർ , കിഡ്‌നി, കരൾ, പ്രമേഹം, അപസ്മാരം, ഉയർന്ന രക്തസമ്മർദ്ദം മുതലായ രോഗമുള്ളവർ, മാനസികരോഗികൾ, ഗർഭിണികൾ, 7- 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, വികലാംഗകരായ കുട്ടികളും അവരുടെ അമ്മമാരും.

Next Story

RELATED STORIES

Share it