Top

കുടിയേറ്റത്തൊഴിലാളികളുടെ പലായനം: തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു

കുടിയേറ്റത്തൊഴിലാളികളുടെ പലായനം: തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണം ഏപ്രില്‍ 1 മുതല്‍ മെയ് 20 വരെ വര്‍ധിച്ചത് ഇരുപത് ഇരട്ടി. കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും തൊഴിലുറപ്പുപദ്ധതി അപേക്ഷകള്‍ പരിശോധിച്ചതുപ്രകാരം വലിയ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കുടിയേറ്റത്തൊഴിലാളികള്‍ പലായനം ചെയ്യുന്ന അതേ സമയത്താണ് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷകളും വര്‍ധിച്ചത്. തൊഴിലുറപ്പ് പദ്ധതി ഒരു ഗ്രാമീണ കുടുംബത്തില്‍ ഒരാള്‍ക്ക് കുറഞ്ഞത് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഇതുവഴി ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഗ്രാമീണ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.


ഈ കാലയളവില്‍ 35 ലക്ഷം പേര്‍ കാര്‍ഡിനുവേണ്ടി അപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അപേക്ഷകരുടെ എണ്ണം 1.8ലക്ഷം മാത്രമായിരുന്നു. ഇവര്‍ക്ക് മുഴുവന്‍ കൊടുക്കാനുള്ള തൊഴില്‍ ലഭിച്ചതുമില്ല.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 15 ലക്ഷം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഇതില്‍ പകുതി പേര്‍ക്കു മാത്രമേ തൊഴില്‍ കൊടുക്കാന്‍ കഴിഞ്ഞുള്ളൂ. മെയ് 20 വരെയുള്ള മൊത്തം അപേക്ഷകരുടെ എണ്ണം ഇപ്പോള്‍ 4.34 കോടിയായി.

മാര്‍ച്ച് 25ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ മൂലം തൊഴില്‍രഹിതരായ കുടിയേറ്റത്തൊഴിലാളികളുടെ പലായനം നടന്ന സമയത്തുതന്നെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍കാര്‍ഡിനുള്ള അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചത്. ഈ കാലയളവില്‍ നടന്നും സൈക്കിളിലുമായി പതിനായിരക്കണക്കിനു പേരാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെപ്പോയത്. മെയ് 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രയിനുകളിലും കുടിയേറ്റക്കാര്‍ ഗ്രാമങ്ങളില്‍ തിരിച്ചെത്തി.

തൊഴിലുറപ്പിനുള്ള അപേക്ഷകര്‍ കൂടിയ സാഹചര്യത്തില്‍ കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയിലേക്ക് 40,000 കോടി രൂപ കൂടുതലായി നീക്കിവച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പലായനം നടന്നത്. ഈ സംസ്ഥാനങ്ങളിലാണ് അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതും. 2008 ല്‍ ഈ പദ്ധതി തുടങ്ങിയതിനു ശേഷം ആദ്യമായാണ് അപേക്ഷകരുടെ എണ്ണം ഇത്ര അധികം വര്‍ധിക്കുന്നത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാ അധികാരികളോട് പല സംസ്ഥാന സര്‍ക്കാരുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ എംജിഎന്‍ആര്‍ജിഎസ് കമ്മീഷണര്‍ സിദ്ധാര്‍ത്ഥ് ത്രിപാഠി പറയുന്നതനുസരിച്ച് സംസ്ഥാനത്തെ സ്ഥിതി ഇത്തവണ വളരെ വ്യത്യസ്തമാണ്. ഏപ്രിലില്‍ തൊഴിലാളികള്‍ നാട്ടില്‍ കൂട്ടമായി തിരിച്ചെത്തിയതോടെയാണ് തൊഴിലുറപ്പ്് തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. അത്തരമൊരു സാഹചര്യം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ത്രിപാഠി പറയുന്നത്. കുളങ്ങള്‍ പരിപാലിക്കുക, കിണറുകള്‍ കുഴിക്കുക തുടങ്ങിയ മഴക്കാലത്തിനു മുമ്പുള്ള പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം എംജിഎന്‍ആര്‍ജിഎസ് തൊഴിലാളികളെകൊണ്ട് ചെയ്യിക്കന്‍ തുടങ്ങിയിട്ടുണ്ട്. ഇതേ കാരണത്താല്‍ തന്നെ കുറേ കൂടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.

രാജസ്ഥാനിലെ തൊഴിലുറപ്പ് കമ്മീഷണറും പറയുന്നത് ഇതേ കാര്യമാണ്. സാധാരണ എല്ലാ വര്‍ഷവും തൊഴില്‍ കാര്‍ഡ് അപേക്ഷകളില്‍ 3-5ശതമാനം വര്‍ധനവ് ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ ഏപ്രില്‍ മുതലുള്ള വര്‍ധന 2 ലക്ഷമാണ്. 2019-20 കാലത്ത് ഉണ്ടായ വര്‍ധനയ്ക്ക് തുല്യം. ഇത് ഒട്ടും സാധാരണമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ബീഹാറില്‍ പ്രളയനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഗ്രാമീണ വികസന വകുപ്പ് ഡയറക്ടര്‍ അരവിന്ദ് കുമാര്‍ ചൗധരി പറയുന്നു.

അംപന്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട പുനഃര്‍നിര്‍മാണ പ്രക്രിയയില്‍ തൊഴിലുറപ്പ്് തൊഴിലാളികളെ ഉപയോഗിക്കാനാണ് ഒഡീഷയുടെ ശ്രമം.

രാജസ്ഥാനാണ് പുതുതായി ഏറ്റവും കൂടുതല്‍ തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. ഏപ്രില്‍ തുടങ്ങി 45 ദിവസത്തെ കണക്കാണ് ഇത്. എല്ലാ സംസ്ഥാനങ്ങളും ഇതേ രീതിയിലാണ് പോകുന്നത്. തൊഴിലുറപ്പ് പദ്ധതിപ്രകാരം ഉറപ്പുനല്‍കുന്ന തൊഴില്‍ ദിനം 100ല്‍ നിന്ന് 150 ആക്കണമെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടന്ന പ്രതിപക്ഷ കക്ഷികളുടെ മീറ്റിങ്ങിലും ഇതേ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തൊഴില്‍ ദിനം 200 ആയി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it