Latest News

'ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ല, അതുപോലെ നൂറും പൊട്ടും'; വി ഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍

ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ല, അതുപോലെ നൂറും പൊട്ടും; വി ഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലെന്നും അതുപോലെ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടുമെന്നും എം വി ഗോവിന്ദന്‍.

ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തില്‍ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തില്‍ വരുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കോണ്‍ഗ്രസിന്റെ ബത്തേരി നേതൃ ക്യാംപിനു പിന്നാലെയായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം.

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പുളള കേസാണെന്നും എല്‍ഡിഎഫിന് എന്ത് തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. നേമത്ത് ശിവന്‍കുട്ടി മല്‍സരിക്കുമെന്നും ഇല്ലെന്നും പറഞ്ഞത് ശരിയല്ല. ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി ഡി സതീശനെതിരായ പുനര്‍ജനി കേസ് വായിച്ചു നോക്കിയില്ലെന്നും ആരേയും കുടുക്കുക തങ്ങളുടെ പണിയല്ലെന്നും അത് അവരുടെ പണിയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിസ്മയമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പ്ലാറ്റ്ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താന്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it