Latest News

യൂറോ യോഗ്യത; പത്തില്‍ പത്ത് ജയവുമായി പറങ്കികള്‍; ലൂക്കാക്കുവിന് റെക്കോഡ്

മത്സരത്തില്‍ 75 ശതമാനം ബോള്‍ പൊസിഷനും ബെല്‍ജിയത്തിന്റെ ഭാഗത്ത് ആയിരുന്നു.

യൂറോ യോഗ്യത; പത്തില്‍ പത്ത് ജയവുമായി പറങ്കികള്‍; ലൂക്കാക്കുവിന് റെക്കോഡ്
X

ലിസ്ബണ്‍: 2024 യൂറോ യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐസ്ലാന്‍ഡിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ചരിത്രപരമായ നേട്ടത്തിലേക്കാണ് മുന്നേറിയത്. യോഗ്യത മത്സരങ്ങളില്‍ ഒരു കളിപോലും തോല്‍ക്കാതെ പത്ത് വിജയങ്ങളാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു റെക്കോഡ് ജയം സ്വന്തമാക്കുന്നത്. നേരത്തേ പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു. ബാക്കി ഉണ്ടായിരുന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ ആധിപത്യവുമായാണ് പോര്‍ച്ചുഗല്‍ യൂറോപ്പിലേക്ക് വരവറിയച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോളുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിന്റെ റെക്കോഡ് വിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിന് സാധിച്ചു. 2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

മറ്റൊരു യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അസര്‍ബൈജാനെ തകര്‍ത്തു. മത്സരത്തില്‍ ബെല്‍ജിയത്തിനായി ഹാട്രിക് അടക്കം നാല് ഗോളുകളുമായി മിന്നും പ്രകടനമാണ് റൊമേലു ലുക്കാക്കു കാഴ്ചവെച്ചത്. ഈ മികച്ച പ്രകടനത്തിലൂടെ തകര്‍പ്പന്‍ റെക്കോഡാണ് ലുക്കാക്കു സ്വന്തം പേരില്‍ കുറിച്ചത്.യൂറോ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ലുക്കാക്കു കാലെടുത്തുവെച്ചത്. യോഗ്യത മത്സരങ്ങളില്‍ 14 ഗോളുകളാണ് ലുക്കാക്കു നേടിയത്. ഇതിന് പിന്നാലെയാണ് യൂറോ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ലുക്കാക്കു മാറിയത്.



ഇതിന് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിന്റെ റോബര്‍ട്ട് ഹീലിയും പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയും 13 ഗോളുകളോടുകൂടി ആയിരുന്നു ഈ നേട്ടത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം മറികടന്നുകൊണ്ടായിരുന്നു ലുക്കാക്കുവിന്റെ മുന്നേറ്റം.ഈ മികച്ച പ്രകടനത്തിലൂടെ ബെല്‍ജിയത്തിനായി 83 ഗോളുകള്‍ നേടി കൊണ്ട് അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പുരുഷതാരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്താനും ലുക്കാക്കുവിന് സാധിച്ചു. യു.എ.ഇ താരമായ അലി മബ്ഖൗട്ടും 83 ഗോളുകളുമായി ലുക്കാക്കുവിനൊപ്പമുണ്ട്.

ബെല്‍ജിയത്തിന്റെ തട്ടകമായ കിങ് ബൗഡൈന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17', 26', 30', 37' എന്നീ മിനിട്ടുകളിലായിരുന്നു ലുക്കാക്കുവിന്റെ നാല് ഗോളുകളും പിറന്നത്.ആദ്യപകുതി 4-0ത്തിന് സ്വന്തമാക്കിയ ബെല്‍ജിയം രണ്ടാം പകുതിയിലും തങ്ങളുടെ മുന്നേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. മത്സരത്തിന്റെ 90 മിനിട്ടില്‍ ലിയനാഡ്രോ ട്രൊസാര്‍ഡ് അഞ്ചാം ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ബെല്‍ജിയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തില്‍ 75 ശതമാനം ബോള്‍ പൊസിഷനും ബെല്‍ജിയത്തിന്റെ ഭാഗത്ത് ആയിരുന്നു. 22 ഷോട്ടുകള്‍ ആണ് ബെല്‍ജിയം എതിരാളികളുടെ പോസ്റ്റിലേക്ക് പായിച്ചത്. യൂറോ മത്സരങ്ങളില്‍ എട്ട് കളികളില്‍ നിന്നും 22 ഗോളുകള്‍ ആണ് ബെല്‍ജിയം നേടിയത്. ജയത്തോടെ ഗ്രൂപ്പ് എഫില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് സമനിലയും അടക്കം 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം.


Next Story

RELATED STORIES

Share it