Latest News

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി
X

കൊച്ചി: രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എറണാകുളം ജനറല്‍ ആശുപത്രി. 21 കാരിയായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗകാമിക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബു(46)വിന്റെ ഹൃദയം മാറ്റിവെച്ചത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേയും രോഗികള്‍ക്കാണ് നല്‍കിയത്. കൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മവും നല്‍കി.

രാവിലെ 10:45 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവങ്ങള്‍ എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. ഒന്നേമുക്കാലോടെ ഹൃദയവും രണ്ട് വൃക്കകളും കരളും നേത്ര പടലങ്ങളും ചര്‍മ്മവും ശേഖരിക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തിയായി. 2.55ഓടെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് എറണാകുളം ഹയാത്തിലെ ഹെലിപാടില്‍ പറന്നിറങ്ങി. നാലു മിനിറ്റിനുള്ളില്‍ ജനറല്‍ ആശുപത്രിയിലേക്കെത്തി. അപൂര്‍വ്വ ജനിതകരോഗം ബാധിച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗയില്‍ ഷിബുവിന്റെ ഹൃദയം മിടിക്കും. ഒരു വര്‍ഷമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു യുവതി. അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്ര നിയമം അടക്കം മറികടന്ന് കോടതി ഉത്തരവുപ്രകാരമാണ് ദുര്‍ഗ്ഗക്ക് ഹൃദയം നല്‍കുന്നത്.

കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്ക്കുന്ന് എന്ന സ്ഥലത്തുവച്ച് സ്‌കൂട്ടറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങള്‍ സമ്മതം നല്‍കുകയുമായിരുന്നു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരി ഷിജി എസ്, സലീവ് എസ് എന്നിവരാണ് കുടുംബാംഗങ്ങള്‍.

അനാഥയായ നേപ്പാള്‍ സ്വദേശിനിക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഈ പെണ്‍കുട്ടിക്കും ഇതേ അസുഖമായിരുന്നു. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ഈ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വന്‍ ചികില്‍സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികില്‍സക്കായി കേരളത്തിലെത്തിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഈ കാലയളവില്‍ ഇവിടെ സാധ്യമാക്കി. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it