Latest News

കള്ളപ്പണം ഇല്ലാതാക്കാന്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ടില്‍ കള്ളപ്പണത്തിന്റെ കൊള്ള; പദ്ധതി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ജനുവരിയില്‍ പരിഗണിക്കും

തിരഞ്ഞെടുപ്പില്‍ നിന്ന് കള്ളപ്പണത്തെ വിമോചിപ്പിക്കാനെന്ന പേരിലാണ് 2017-18 ലെ കേന്ദ്ര ബജറ്റിലൂടെ അരുണ്‍ ജെയ്റ്റ്‌ലിയാണ് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത്

കള്ളപ്പണം ഇല്ലാതാക്കാന്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ടില്‍ കള്ളപ്പണത്തിന്റെ കൊള്ള; പദ്ധതി   സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ജനുവരിയില്‍ പരിഗണിക്കും
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നിര്‍ത്തലാക്കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി ജനുവരിയില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് സര്‍ക്കാരിതര സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം(എഡിആര്‍) നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് എഡിആറിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായത്.

തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഡിആര്‍ 2017 ലാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. പേര് വെളിപ്പെടുത്താത്ത നിക്ഷേപകരാണ് തിരഞ്ഞെടുപ്പ് ബോണ്ടുകളില്‍ വ്യപകമായി നിക്ഷേപിക്കുന്നതെന്നാണ് എഡിആറിന്റെ പരാതി.

2019 പൊതുതിരഞ്ഞെടുപ്പിനു മുമ്പു തന്നെ പല തവണ ഈ കേസില്‍ കോടതി വാദം കേട്ടിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസിറ്റിസുമാരായ ദീപക് മിശ്ര, സഞ്ജീവ് ഖന്ന തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബഞ്ച് രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളോട് കൈവശമുള്ള തിരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ മെയ് 30 നകം സീല്‍ ചെയ്ത കവറില്‍ നല്‍കാനും നിര്‍ദേശിച്ചു. പിന്നീട് പക്ഷേ ആ കേസ് സുപ്രിം കോടതിയില്‍ ലിസ്റ്റ് ചെയ്തില്ല.

അതിനെ തുടര്‍ന്നാണ് എഡിആര്‍ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് വീണ്ടും കോടതിയിലെത്തിയത്. അവസാന വിധി വരും വരെ തിരഞ്ഞെടുപ്പ് ബോണ്ട് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം.

സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ ബോണ്ടുകളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കും ഉന്നയിച്ച ആക്ഷേപങ്ങളും ഉദ്ധരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ബോണ്ടില്‍ നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ സുതാര്യമല്ലാത്തതിനാല്‍ അത് കള്ളപ്പണം വെളുപ്പിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള വ്യാജകറന്‍സിയുടെ പ്രചാരത്തിനും കാരണമാവുമെന്നാണ് ആര്‍ബിഐയുടെ പരാതി. ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന സമയത്ത് അന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് ഇത് ചൂണ്ടിക്കാട്ടി ഒരു കത്തും അയച്ചിരുന്നു. കടലാസ് കമ്പനികള്‍ ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും പരാതിപ്പെട്ടു. സംഭാവനകളുടെ കാര്യത്തില്‍ സുതാര്യതില്ലെന്ന പരാതി ഇലക്ഷന്‍ കമ്മീഷനും ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ നിന്ന് കള്ളപ്പണത്തെ വിമോചിപ്പിക്കാനെന്ന പേരിലാണ് 2017-18 ലെ കേന്ദ്ര ബജറ്റിലൂടെ അരുണ്‍ ജെയ്റ്റ്‌ലിയാണ് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത്. 1000, 10000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെയുള്ള തുകയ്ക്കുള്ള ബോണ്ടുകള്‍ എസ്ബിഐ ബ്രാഞ്ചിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് ആര്‍ക്കും ലഭിക്കും. ഏത് ഇന്ത്യന്‍ പൗരനും ഏത് രാഷ്ട്രീയപാര്‍ട്ടിക്കും വേണ്ടി ബോണ്ടുകള്‍ വാങ്ങുകയും ചെയ്യാം. 1951 ലെ ജനപ്രാതിനിധ്യനിയമം, വകുപ്പ് 29 എ അനുസരിച്ച് തൊട്ടടുത്ത ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ 1 ശതമാനം വോട്ട് നേടിയ ഏത് രജിസ്റ്റേര്‍ഡ് രാഷ്ട്രീയപാര്‍ട്ടിക്കും ഈ നിക്ഷേപങ്ങള്‍ സ്വീകരിക്കാവുന്നതാണ്. നിക്ഷേപകര്‍ കെവൈസി വിവരങ്ങള്‍ കൈമാറണമെന്ന് നിബന്ധനയുണ്ട്. പക്ഷേ, ആളുടെ വിവരങ്ങള്‍ നിയമപ്രകാരം ബാങ്കുകള്‍ക്ക് രഹസ്യമായി വയ്ക്കാന്‍ കഴിയും.

2017 ലെ ധനബില്ല്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, കമ്പനീസ് ആക്റ്റ്, ഇന്‍കം ടാക്‌സ് ആക്റ്റ്, ജനപ്രാതിനിധ്യനിയമം, വിദേശ സംഭവാന നിയന്ത്രണ നിയമം തുടങ്ങി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തിരഞ്ഞെടുപ്പ് ബോണ്ട് ബില്ല് പാസാക്കിയത്.

Next Story

RELATED STORIES

Share it