Latest News

തിരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

തിരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്
X

ന്യൂഡല്‍ഹി; അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. കോണ്‍ഗ്രസ് നയരൂപീകരണ സമിതിയും ഇന്ന് ചേരുന്നുണ്ട്. അത് രാവിലെ പത്തരയോടെ ആരംഭിക്കും.

യോഗത്തില്‍ ഗാന്ധികുടുംബത്തിലെ മൂന്ന് നേതാക്കളും രാജി സന്നദ്ധത അറിയിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ട്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങി മൂന്ന് പേര്‍ക്കുമെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അവര്‍ പാര്‍ട്ടി നേതൃസ്ഥാനം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു.

പഞ്ചാബ്, യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് കയ്യില്‍നിന്ന് പോയി എന്നുമാത്രമല്ല, യുപിയില്‍ ആറ് ശതമാനമുണ്ടായിരുന്ന വോട്ട് വെറും രണ്ട് ശതമാനമായി കുറഞ്ഞു. സീറ്റുകളുടെ എണ്ണവും കുറഞ്ഞു. ആകെ രണ്ട് സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ പോലും 7 സീറ്റുണ്ടായിരുന്നു.

പഞ്ചാബിലെയും യുപിയിലെയും തോല്‍വി ഗാന്ധികുടുംബത്തിലെ മൂന്ന് പേര്‍ക്കെതിരേ നേതാക്കള്‍ക്കിടയില്‍ കനത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധി നേരിട്ട് നേതൃത്വം നല്‍കിയ യുപി തിരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് പാര്‍ട്ടിക്കുണ്ടായത്. ഇതിനു കാരണം ഗാന്ധി കുടുംബത്തിന്റെ നേതൃത്വമാണെന്നാണ് പലരും കരുതുന്നത്.

നേരത്തെ ജി 23 എന്നറിയപ്പെട്ടിരുന്ന കബില്‍ സിബലും ശശി തരൂരും അടക്കമുള്ളവരില്‍ ഒതുങ്ങിനിന്നിരുന്ന വിമതസ്വരം താഴേക്കും അരിച്ചിറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ ശക്തമായ മാറ്റമില്ലാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. നഷ്ടങ്ങള്‍ മധുരം പുരട്ടിയ വാക്കുകള്‍കൊണ്ട് മറച്ചുവയ്ക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Next Story

RELATED STORIES

Share it