Latest News

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആധാര്‍ സ്വീകരിക്കണം, ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണം; സുപ്രീംകോടതി

ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആധാര്‍ സ്വീകരിക്കണം, ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണം; സുപ്രീംകോടതി
X

ന്യൂഡല്‍ഹി: ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി. അപേക്ഷകള്‍ ഓണ്‍ലൈനായിട്ട് സമര്‍പ്പിക്കാമെന്നും ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡോ സമര്‍പ്പിക്കാമെന്നും കോടതി. വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശംനല്‍കി. ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് അതത് ബൂത്തുകളിലെ ആളുകളെ സഹായിക്കാന്‍ തങ്ങളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിഷയത്തില്‍ ഹര്‍ജിക്കാരല്ലാത്ത എല്ലാ അംഗീകൃത പാര്‍ട്ടികളെയും കോടതി ഹര്‍ജികളില്‍ എതിര്‍കക്ഷികളായി ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകദേശം 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ടായിട്ടും വെറും രണ്ട് എതിര്‍പ്പുകള്‍ മാത്രം വന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാല്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ നല്‍കുന്ന എതിര്‍പ്പുകള്‍ ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചു. ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രസീതുകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിച്ച്, ഫോമുകള്‍ നേരിട്ട് സമര്‍പ്പിക്കുമ്പോഴെല്ലാം ബിഎല്‍ഒമാര്‍ രസീത് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ട വോട്ടര്‍മാരുടെ പേരുകളും ഒഴിവാക്കാനുള്ള കാരണങ്ങളും അടങ്ങിയ പട്ടിക വെബ്സൈറ്റുകളിലും പോളിങ് ബൂത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ഈ പട്ടിക പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്നുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരൊറ്റ എതിര്‍പ്പുപോലും നല്‍കിയിട്ടില്ലെന്ന്' കമ്മിഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കോടതിയെ സമീപിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിങ്വിയും അതിനെ എതിര്‍ത്തു. ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള ആര്‍ജെഡി എംപി മനോജ് ഝായെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ്, സിപിഎ, സിപിഐ(എം-എല്‍) ലിബറേഷന്‍, സിപിഐ, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് താന്‍ ഹാജരാകുന്നതെന്ന് അഭിഷേക് സിങ്വിയും വ്യക്തമാക്കി.

Next Story

RELATED STORIES

Share it