Big stories

'ഒളിവിലായിരുന്നില്ല; നിരപരാധിത്വം തെളിയിക്കും'; എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി

ഒളിവിലായിരുന്നില്ല; നിരപരാധിത്വം തെളിയിക്കും; എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി
X

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് എല്‍ദോസ് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തിയത്. 10 ദിവസത്തെ ഒളിവിന് ശേഷം പീഡനക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. താന്‍ ഒളിവിലായിരുന്നില്ലെന്നും എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല.

നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും കെപിസിസിക്ക് വിശദീകരണം നല്‍കി. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതിനാല്‍ രണ്ടാഴ്ച മാധ്യമങ്ങളെ കണ്ടില്ലെന്നത് മാത്രമാണുണ്ടായിരുന്നത്. യാതൊരു വിധ പ്രതികരണവും നടത്തേണ്ടെന്നായിരുന്നു ലഭിച്ച നിര്‍ദേശം. ഏത് വകുപ്പ് വേണമെങ്കിലും ചുമത്താം. കോടതിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. കോടതിക്ക് മുന്നില്‍ എന്റെ അപേക്ഷ ഉണ്ടായിരുന്നു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കും. ജാമ്യം കിട്ടുന്നതിന് മുമ്പ് സുധാകരന്റെ സെക്രട്ടറിയോട് സംസാരിച്ചു.

കെ സുധാകരനുമായി വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചു. ഇനി പാര്‍ട്ടിയാണു തീരുമാനിക്കേണ്ടത്. കെപിസിസി നേതൃത്വം നല്‍കിയ കത്തില്‍ പറഞ്ഞ തിയ്യതിക്കുള്ളില്‍ മറുപടി നല്‍കുകയും പാര്‍ട്ടിയെ നിരപരാധിത്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ നടപടിയുണ്ടാവാന്‍ പാകത്തിന് കുറ്റമൊന്നും ചെയ്തിട്ടില്ല. ആരോപണം ആര്‍ക്കും ഉന്നയിക്കാം. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍. നിരപരാധിത്വം തെളിയിക്കപ്പെടുമെന്നാണ് വിശ്വാസം. ഇതാദ്യമായല്ല ഒരു രാഷ്ട്രീയക്കാരന്‍ ആരോപണങ്ങള്‍ക്ക് വിധേയനാവുന്നത്. ആരോപണങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള കരുത്തുണ്ട്. ആരെയും ഉപദ്രവിക്കുന്ന ആളല്ല.

കാലം കുറച്ച് മാറുമ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടും. പൊതുപരിപാടിയില്‍ നൃത്തം ചെയ്തത് നിഷ്‌കളങ്കത കൊണ്ടാണ്. ഏതെങ്കിലും മൂടുപടത്തിനുള്ളില്‍ ജീവിക്കുന്ന ആളല്ല താനെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിലിന് കോടതി ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നാളെ രാവിലെ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടുഹാജരാവണമെന്നതുള്‍പ്പടെ 11 ഉപാധികളോടെയാണു തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്.

സംസ്ഥാനം വിട്ടുപോവരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാമൂഹിക മാധ്യമത്തില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്ത് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍ പോയത്.

Next Story

RELATED STORIES

Share it