Latest News

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എളമരം കരീം എംപി

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എളമരം കരീം എംപി
X

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തുനല്‍കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളവും അനുബന്ധമായുള്ള 635 ഏക്കര്‍ ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിക്കൊണ്ടുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എയര്‍പോര്‍ട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയതാണ്. ഈ ഭൂമിയും എയര്‍പോര്‍ട്ടും നടത്തിപ്പിനായി സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണ്. വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വാകാര്യ കമ്പനിക്കാണ് കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം ഏല്പിച്ചുനല്‍കിയിരിക്കുന്നത്. അതേസമയം കണ്ണൂര്‍, കൊച്ചി മുതലായ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ചരീതിയില്‍ നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളുകയും ചെയ്തിരിക്കുന്നു. ഇത് കേന്ദ്രത്തിന്റെ കോര്‍പറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണമാണ്.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോള്‍ അതിന്റെ വികസനത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുക്കുമെന്ന് 2003ല്‍ സിവില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. കേരള മുഖ്യമന്ത്രി നിങ്ങളുമായി പ്രധാനമന്ത്രി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉറപ്പ് ലഭിച്ചു. ഈ ഉറപ്പുകളെല്ലാം ഇപ്പോള്‍ ലംഘിക്കപ്പെടുന്നു. കേരള സര്‍ക്കാരിനായി ലേലത്തില്‍ പങ്കെടുത്ത കെഎസ്ഐഡിസി ബിഡ്ഡിംഗ് പ്രക്രിയയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യത്തില്‍ മറ്റൊരു ഹര്‍ജി സുപ്രിംകോടതിയിലും നല്‍കിയിരുന്നു. നിലവില്‍ ഇക്കാര്യം കേരള ഹൈക്കോടതിയില്‍ പരിഗണനയിലാണ്. 2020 മാര്‍ച്ച് 11ന് രാജ്യസഭയിലെ എന്റെ ചോദ്യത്തിനുള്ള മറുപടിയായി സിവില്‍ ഏവിയേഷന്‍ മന്ത്രി പറഞ്ഞത് ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഏത് നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.

പൊതുമേഖലയെല്ലാം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നയം നമ്മുടെ രാജ്യത്തിന് ഗുണകരമല്ല. ഇവയെല്ലാം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും വിമാനത്താവള നടത്തിപ്പിനായുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന്റെ എസ്പിവിക്ക് എത്രയും വേഗം ഏല്‍പ്പിക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it