Latest News

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും
X

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കൊവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്‌സിനേഷനില്‍ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷന്‍ ശരാശരി സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്.

കുട്ടികളുടെ വാക്‌സിനേഷന്‍, രണ്ടാം ഡോസ് വാക്‌സിനേഷന്‍ എന്നിവ സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകള്‍ പ്രത്യേക വാക്‌സിനേഷന്‍ െ്രെഡവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പരിശീലന പരിപാടി ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചിരുന്നു. ആര്‍. ആര്‍. ടി അംഗങ്ങളും പൊതുജനങ്ങളും ഉള്‍പ്പെടെ 60,000 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇ ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഓക്‌സിജന്‍ വിവരങ്ങള്‍, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികള്‍ സമയബന്ധിതമായി നല്‍കണം.

വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, കൊവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന പരിപാടിയില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it