Latest News

ഫാഷിസ്റ്റ് ദാസ്യവേലയടെ ഉദ്യോഗസ്ഥമുഖമായി ഇഡി : ബിജെപി നേതാക്കള്‍ക്കെതിരെ പരിശോധനയില്ല

രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളെ ബിജെപി അട്ടിമറിച്ച സംഭവങ്ങളിലെല്ലാം കോടിക്കണക്കിനു രൂപ കൈമറിഞ്ഞതായി ആരോപിക്കപ്പെട്ടപ്പോഴൊന്നും അതിനു നേതൃത്വം നല്‍കിയ ഒരു ബിജെപി നേതാവിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയില്ല.

ഫാഷിസ്റ്റ് ദാസ്യവേലയടെ ഉദ്യോഗസ്ഥമുഖമായി ഇഡി : ബിജെപി നേതാക്കള്‍ക്കെതിരെ പരിശോധനയില്ല
X

കോഴിക്കോട്: ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെയും എതിര്‍ശബ്ദങ്ങളെയും തിരഞ്ഞുപിടിച്ച് പരിശോധന നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ ദാസ്യവേലയുടെ ഔദ്യോഗിക മുഖമായി മാറുന്നു. നരേന്ദ്രമോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തുന്ന പ്രതികാര നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ദാസ്യവേല സംഘമായി തരംതാഴ്ത്തിയിരിക്കുകയാണ്.


രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളെ ബിജെപി അട്ടിമറിച്ച സംഭവങ്ങളിലെല്ലാം കോടിക്കണക്കിനു രൂപ കൈമറിഞ്ഞതായി ആരോപിക്കപ്പെട്ടപ്പോഴൊന്നും അതിനു നേതൃത്വം നല്‍കിയ ഒരു ബിജെപി നേതാവിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയ ഏതെങ്കിലും ബിജെപി നേതാവിന്റെ പേര് പുറത്തുവിടാന്‍ ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു ഇഡിയെ വെല്ലുവിളിച്ചിരുന്നു.


കൊവിഡിന്റെ കാലത്ത് ഗുജറാത്തില്‍ നാലുമാസത്തിനിടെ എട്ട് കോണ്‍ഗ്രസ് എംഎല്‍മാരെയാണ് ബിജെപി വരുതിയിലാക്കിയത്.രാജസ്ഥാനില്‍ എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്ക്കെടുക്കാന്‍ ബിജെപി പരക്കംപായുകയാണെന്ന് മുഖ്യമന്ത്രി അശോക്ഗെഹ്ലോട്ട് തന്നെ പറഞ്ഞിരുന്നു. മധ്യപ്രദേശില്‍ ജോതിരാദിത്യസിന്ധ്യയുള്‍പ്പടെ 22 എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.മണിപ്പൂരിലും ഗോവയിലും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇരു സംസ്ഥാനങ്ങളിലും ഗവര്‍ണരുടെ ഓഫീസ് ബിജെപി ദുരുപയോഗം ചെയ്തുവെന്നും എംഎല്‍എമാരെ വിലക്കുവാങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ തെളിയിക്കുന്ന ഓഡിയോ ടേപ്പുകള്‍ കണ്‍ഗ്ര്‌സ പുറത്തുവിട്ടിരുന്നു. 30 മുതല്‍ 50 കോടി രൂപ വരെയാണ് രാജസ്ഥാനില്‍ മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ ചെയ്തിരുന്നത്. വന്‍തോതില്‍ കോടികള്‍ ഒഴുകിയ ഇത്തരം വിലക്കുവാങ്ങല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരൊറ്റ ബിജെപി നേതാവിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നില്ല.


കറന്‍സി നിരോധനത്തെ തുടര്‍ന്ന് കോടിക്കണക്കിനു രൂപയാണ് ബിജെപി നേതാക്കളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ ബിജെപി യൂത്ത് വിംഗ് സെക്രട്ടറി അരുണില്‍ നിന്നും 20.55 ലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് മനീഷ് ശര്‍മയില്‍ നിന്നും പുതുതായി ഇറക്കിയ 2000ത്തിന്റെ കറന്‍സിയുള്ള 33 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിലെ സഹകരണ മന്ത്രി സുഭാഷ് ദേശ്മുഖിന്റെ വാഹനത്തില്‍ നിന്ന് 91.50 ലക്ഷം രൂപ കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു. 2016 നവംബര്‍ 9 ന് ഗാസിയാബാദിലെ ഭാരതീയ ജനതാ പാര്‍ട്ടി നേതാവിന്റെ കാറില്‍ നിന്ന് മൂന്ന് കോടി രൂപയാണ് പോലീസ് പിടികൂടിയത്. പുതുതായി അച്ചടിച്ച കറന്‍സികള്‍ വന്‍തോതില്‍ പല ബിജെപി നേതാക്കളുടെ പക്കല്‍ നിന്നും സംസ്ഥാന പോലീസ് പിടികൂടിയ ധാരാളം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം നേതാക്കളുടെ വീടിുകളിലൊന്നും പരിശോധനയുമായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല. അതേ സമയം ബിജെപിയുടെ രാഷ്ട്രീയ എതിരാളികളായ സംഘടനാ നേതാക്കളുടെ വീടുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍.




Next Story

RELATED STORIES

Share it